മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് അനുവാദം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി ആഘാത പഠനത്തിനാണ് അനുമതി നല്‍കിയതെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കുറിപ്പിലുണ്ട്.
പരിസ്ഥിതി ആഘാതപഠനത്തിന്റെ സാധ്യത പരിശോധിക്കാനും വിവര ശേഖരണം നടത്താനുമാണ് കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയതെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. നേരത്തേ, മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനു പാരിസ്ഥിതിക പഠനം നടത്താന്‍ കേരളത്തിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആറു മാസത്തിനകം പഠനം പൂര്‍ത്തിയാക്കണമെന്നു കേന്ദ്രം കേരളത്തിനു നിര്‍ദേശം നല്കിയെന്നായിരുന്നു മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്ത.
പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ നിലപാടിനു പിന്നില്‍ തമിഴ്‌നാടിന്റെ സമ്മര്‍ദ്ദമാണെന്ന് സുചനയുണ്ട്. നിലവിലെ അണക്കെട്ടിന് 366 മീറ്റര്‍ താഴെ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനായിരുന്നു കേരളം പദ്ധതിയിട്ടിരുന്നത്. പാരിസ്ഥിതിക ആഘാത പഠനം തടയണമെന്ന് കാണിച്ച് തമിഴ്‌നാട് നല്‍കിയ ഹര്‍ജി വേനല്‍ അവധി കഴിഞ്ഞ് സുപ്രീം കോടതി പരിഗണിക്കും.