സഹിഷ്ണുതയാണ് രാജ്യത്തിന്റെ ആത്മാവെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി
വെള്ളി, 6 നവംബര്‍ 2015 (16:43 IST)
രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നു എന്ന കോൺഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. ബിജെപി നിലനിൽക്കുന്നത് സഹിഷ്ണുതയ്ക്കു വേണ്ടിയാണ്. സഹിഷ്ണുത രാജ്യത്തിന്റെ ആത്മാവാണ്. ഐക്യമാണ് രാജ്യത്തിന്റെ ശക്തിയെന്നും നഖ്‌വി വ്യക്തമാക്കി.
സ്വന്തം ട്വിറ്റര്‍ അക്കൌണ്ടില്‍ കൂടിയാണ് നഖ്‌വി തന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചത്. രാഷ്ട്രീയ പ്രചാരണമാണ് സഹിഷ്ണുതയ്ക്ക് ഭീഷണി. ഇത് രാജ്യത്തിന്റെ ആത്മാവിന്‍ മേലുള്ള അതിക്രമമാണെന്നും നഖ്‌വി ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നതിൽ ആശങ്ക അറിയിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുതിർന്ന നേതാക്കളും കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ കണ്ടിരുന്നു.
അതിനു പിന്നാലെയാണ് നഖ്‌വി രംഗത്ത് എത്തിയത്. ഇന്ത്യയിൽ അസഹിഷ്ണുത നിലനിൽക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.