ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ ഗവര്‍ണര്‍ ഓഫ് ഇന്ത്യയെന്ന് പരാമര്‍ശിച്ചത് യൂട്യൂബില്‍ വൈറലായതോടെയാണ് ദൂരദര്‍ശന്‍ നടപടിക്ക് ഒരുങ്ങുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിച്ചതായി പ്രസാര്‍ ഭാരതിയിലെ ഉന്നത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ചലച്ചിത്രമേളയെ കുറിച്ച് റിപ്പോര്‍ട്ടര്‍ക്ക് വ്യക്തമായ ധാരണയില്ലെന്ന് വീഡിയോയില്‍ വ്യക്തമാണ്.
ഉദ്ഘാടനചടങ്ങിനിടെ ഗവര്‍ണറെ പരിചയപ്പെടുത്തുന്നതിന്റെ നാലു മിനിറ്റ് വിഡിയോയാണ് യൂട്യൂബില്‍ വൈറലായത്. ഇതിനിടെ മേളയില്‍ പങ്കെടുക്കുന്ന പല പ്രമുഖരെയും വനിത റിപ്പോര്‍ട്ടര്‍ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ടെങ്കില്‍ ആധികാരികമായ ഒരു ചോദ്യം ചോദിക്കാന്‍ പോലും കഴിയുന്നില്ല. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
അതേസമയം, ദൂരദര്‍ശനിലും ആകാശവാണിയിലും ഉദ്ദേശം 18,000 ഒഴിവുകള്‍ നികത്താതെ കിടക്കുകയാണെന്നും 20 വര്‍ഷത്തോളമായി ഒഴിവുകള്‍ നികത്താത്തതിനാലാണ് സ്റ്റേഷന്‍ ഡയറക്ടര്‍മാര്‍ക്ക് കാഷ്വല്‍ ജീവനക്കാരെ രംഗത്തിറക്കേണ്ടി വരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പരിപാടികളുടെ ഗുണമേന്മ വിലയിരുത്തേണ്ട 191 പേരുടെ സൂപ്പര്‍വൈസറി പോസ്റ്റില്‍ മാത്രം 180 ഒഴിവാണുള്ളത്.
ദൂരദര്‍ശനില്‍ സംപ്രേഷണത്തിനിടെ അടുത്തിടെ ഉണ്ടായ പിഴവുകളില്‍ പുതിയതാണ് ഐഎഫ്എഫ്ഐയിലേത്. ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശത്തിനിടെ അദ്ദേഹത്തിന്റെ പേര് റോമന്‍ അക്കത്തിലേതെന്ന് തെറ്റിധരിച്ച് ഇലവന്‍ എന്നു വായിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ വാര്‍ത്താ ശകലത്തില്‍ മോഡിക്കു പകരം മന്‍മോഹന്‍ സിംഗിന്റെ ചിത്രം കാട്ടിയതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.