508 റെയിൽവേ സ്റ്റേഷനുകൾക്ക് പുതിയ മുഖം, 25,000 കോടിയുടെ പദ്ധതിയിൽ കേരളത്തിൽ നിന്നും അഞ്ച് സ്റ്റേഷനുകൾ

Webdunia
ഞായര്‍, 6 ഓഗസ്റ്റ് 2023 (19:23 IST)
രാജ്യത്തെ റെയില്‍വേ നവീകരണത്തിന് 25,000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 508 റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണത്തിനായാണ് 25,000 കോടിയുടെ പദ്ധതിക്ക് മോദി തുടക്കമിട്ടത്. കേരളത്തില്‍ നിന്നും പയ്യന്നൂര്‍, കാസര്‍കോട്,വടകര,തിരൂര്‍,ഷൊര്‍ണൂര്‍ സ്‌റ്റേഷനുകളുടെ നവീകരണം ആദ്യഘട്ടത്തില്‍ തന്നെയുണ്ടാകും.
 
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്. തറക്കല്ലിട്ട 508 സ്‌റ്റേഷനുകളില്‍ ഇന്ന് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഏറ്റവും കൂടുതല്‍ സ്‌റ്റേഷനുകള്‍ ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ്. ഇരു സംസ്ഥാനങ്ങളിലും 55 സ്‌റ്റേഷനുകള്‍ വീതം നവീകരിക്കും.ദക്ഷിണ റെയില്‍വേയിലെ 25 സ്‌റ്റേഷനുകളാണ് പദ്ധതിയില്‍ നവീകരിക്കുക. പദ്ധതിയുടെ ഭാഗമായി സ്‌റ്റേഷനുകളിലെ നടപ്പാലങ്ങള്‍, ലിഫ്റ്റുകള്‍,എസ്‌കലേറ്ററുകള്‍,പാര്‍ക്കിംഗ്,വിശ്രമമുറികള്‍,നിരീക്ഷണ ക്യാമറകള്‍,വിവരവിനിമയ സംവിധാനം എന്നിവയ്‌ക്കൊപ്പം യാത്രക്കാര്‍ക്കുള്ള ആധുനിക സൗകര്യങ്ങളും ഒരുക്കും. കൂടുതല്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുന്നതും സ്‌റ്റേഷനിലേക്ക് പുതിയ റോഡ് നിര്‍മിക്കുന്നതുമെല്ലാം പദ്ധതിയുടെ ഭാഗമാകും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article