പെട്രോളും ഡീസലും കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് ഇളവ് നല്‍കുമെന്ന് ജെയ്​റ്റ്‌ലി

വ്യാഴം, 8 ഡിസം‌ബര്‍ 2016 (19:02 IST)
ജനങ്ങളെ കറൻസിരഹിത ഇടപാടുകളിലേക്ക് വഴിമാറ്റാൻ കേന്ദ്രസർക്കാർ ശ്രമങ്ങൾ ആരംഭിച്ചു. ഡിജിറ്റൽ പേയ്​മെൻറുകൾക്ക്​ വൻ ഇളവുകള്‍ നല്‍കുമെന്ന് ധനമന്ത്രി അരുൺ ജെയ്​റ്റ്‌ലി വ്യക്തമാക്കി. പെട്രോളും ഡീസലും കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 0.75 ശതമാനത്തിന്റെ വിലക്കുറവ് ലഭിക്കുമെന്ന് ജെയ്റ്റ്ലി അറിയിച്ചു.

ഓൺലൈനായി ട്രയിൻ ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവർക്ക്​ 10 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്​ പരിരക്ഷയുമുണ്ടാകും.  ഇൻഷുറൻസ്​ പ്രീമയം ഡിജിറ്റലായി അടക്കു​മ്പോൾ ജനറൽ ഇൻഷുറൻസിന്​ 10 ശതമാനവും ലൈഫ്​ ഇൻഷുറൻസിന്​ 8 ശതമാനവും ഇളവ്​ ലഭിക്കും.

സബർബൻ ട്രെയിൻ ടിക്കറ്റുകൾക്ക് ഡിജിറ്റൽ പേമെന്റ് നടത്തുന്നവർക്ക് 0.5 ശതമാനം ഇളവ് ലഭിക്കും. ഇത് ജനുവരി ഒന്നുമുതൽ നിലവിൽവരും. ഓൺലൈനിൽ റെയിൽവെ ടിക്കറ്റ് ബുക്കിംഗ് നടത്തുന്നവർക്ക് ഭക്ഷണത്തിനും റെയിൽവെ വശ്രമമുറികൾക്കും 0.5 ശതമാനത്തിന്റെ ഇളവും മന്ത്രി പ്രഖ്യാപിച്ചു. സീസൺ, മാസ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 0.5 ശതമാനത്തിന്റെ ഇളവും ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് എട്ട് ശതമാനവും ജനറൽ ഇൻഷുറൻസിന് 10 ശതമാനവും ഇളവ് ലഭിക്കും. റെയിൽവെ ഡിജിറ്റൽ ടിക്കറ്റ് ബുക്കിംഗിന് 10 ലക്ഷത്തിന്റെ അപകട ഇൻഷുറൻസും ലഭിക്കും.

ദേശീയ പാതകളിലെ ടോളിന് 10 ശതമാനംവരെ ഇളവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് നബാർഡ് റുപെ കാർഡ് നൽകും. ജനസംഖ്യ 10,000 ഉള്ള ഗ്രാമങ്ങളിൽ കാർഡ് സ്വൈപ്പ് ചെയ്യുന്ന രണ്ട് മെഷീനുകൾ വീതം നൽകും. ഇതിനായി ഒരു ലക്ഷം ഗ്രാമങ്ങൾ തെരഞ്ഞെടുക്കും.  

ജനസംഖ്യ 8,000 ന് മുകളിലുള്ള എല്ലാ ഗ്രാമങ്ങൾക്കും രണ്ട് പിഒഎസ് മെഷീൻ വീതം സൗജന്യമായി നൽകും. ഈ മെഷീനുകൾ 75 കോടി ജനങ്ങൾക്ക് ഇടപാട് നടത്താൻ ഉപയുക്‌തമാകുമെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക