ബലാത്സംഗകേസുകളിലെ പ്രതികളെ പേപ്പട്ടിയെ പോലെ കൊല്ലണം, പരസ്യമായി തൂക്കിലേറ്റണം; ഒരേ സ്വരത്തിൽ എം എൽ എമാർ

ബുധന്‍, 20 ജൂലൈ 2016 (12:05 IST)
ബലാത്സംഗക്കേസുകളിലെ പ്രതികളെ പേപ്പട്ടിയെ പോലെ കൊല്ലണമെന്ന് നിയമസഭാ സമാജികർ. അഹമ്മദ് നഗറിൽ പെൺകുട്ടിയെ രണ്ടാമതും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പാർട്ടി ഭേദമന്യേയാണ് എം എൽ എമാർ മഹാരാഷ്ട്ര നിയമസഭയെ ഇളക്കി മറിച്ചത്. കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന ബഹളത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ എല്ലാവരും ഒരേ സ്വരത്തിലായിരുന്നു പ്രതികരിച്ചത്.
 
കുറ്റവാളികളെ പൊതുജനം കാണുന്ന വിധത്തിൽ പരസ്യമായി തൂക്കിലേറ്റുകയോ പേപ്പട്ടിയെ പോലെ കൊല്ലുകയോ ചെയ്യണമെന്നായിരുന്നു പ്രതിഷേധത്തിൽ ഉയർന്നുവന്ന ആവശ്യം. ഇത്തരം ക്രിമിനലുകളെ സഹിക്കില്ലെന്ന് ഉറപ്പാക്കുന്ന രീതിയിൽ ഇവരെ കൊല്ലുകയും അത് ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്യണം. ശക്തമായ ശിക്ഷ ഉറപ്പാക്കണം എന്നിങ്ങനെയായിരുന്നു എം എൽ എമാർ പറഞ്ഞത്.
 
അതേസമയം, നിയമസഭ പോലുള്ള ഒരിടത്ത് അത്തരം പ്രസ്താവന നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് ചില എം എൽ എമാർ രംഗത്തെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ വധശിക്ഷ ഉറപ്പാക്കുന്ന രീതിയിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക