കാണാതായ വ്യോമസേനാ വിമാനം കാട്ടില്‍ തകര്‍ന്നുവീണതായി സൂചന

ഞായര്‍, 31 ജൂലൈ 2016 (09:48 IST)
ചെന്നൈയില്‍നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസേനാ വിമാനം കാട്ടില്‍ തകര്‍ന്നുവീണതായി സംശയം. വിശാഖപട്ടണത്തിനുസമീപം സുരുഗുഡു റിസര്‍വ് വനമേഖലയിലാണ് വിമാനം തകര്‍ന്നുവീഴുന്നത് കണ്ടിരുന്നുവെന്ന് ആദിവാസി വിഭാഗത്തില്‍പ്പെട്ട ചിലര്‍ അറിയിച്ചത്.
 
വിമാനം കാണാതായ ജൂലായ് 22 ന് സുരുഗുഡു ഗ്രാമത്തിലെ ചിലര്‍ വലിയ ശബ്ദം കേട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൂടുതല്‍ വ്യക്തത വരുത്താനായി വ്യോമസേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചു.
 
സുരുഗുഡു വനമേഖലയില്‍ തിരച്ചില്‍ ആരംഭിച്ചതായി ഡി എഫ് ഒ നരസിപട്ടണം ശേഖര്‍ ബാബു വ്യക്തമാക്കി. സൂര്യലങ്ക വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശമനുസരിച്ചാണ് ആദിവാസികളോടൊപ്പം അഞ്ച് ഉദ്യോഗസ്ഥര്‍ വീതമടങ്ങുന്ന രണ്ട് സംഘം തിരച്ചിലിലേര്‍പ്പെട്ടിരിക്കുന്നത്. 
 
ഇവരെ സഹായിക്കാനായി ആദിവാസികളില്‍ ചിലരും സംഘത്തിലുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. വിമാനത്തിനായുള്ള തിരച്ചില്‍ ഇപ്പോളും ബംഗാള്‍ ഉള്‍ക്കടലില്‍  പുരോഗമിക്കുകയാണെന്ന് നാവികസേന വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക