പണിയെടുക്കാത്തവര്‍ പുറത്തുപോകും; മോഡി മന്ത്രിസഭ അഴിച്ചുപണിയുന്നു

തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (11:46 IST)
പ്രധാന മന്ത്രി നരേന്ദ്ര മോഡി തന്റെ മന്ത്രിസഭ അഴിച്ചു പണി നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതുമായ മന്ത്രിമാരുടെ കസേരകള്‍ തെറിപ്പിക്കാനുമാണ് മോഡിയുടെ നീക്കം.

മന്ത്രിമാരുടെ ഇതു വരെയുള്ള പ്രകടനം വിലയിരുത്തിയാകും അവര്‍ തല്‍സ്ഥാനത്ത് തുടരണമോയെന്ന് മോദി തീരുമാനിക്കുക. മന്ത്രിമാരുടെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനായി ഏതാനും നാളുകള്‍ക്ക് മുമ്പ് മോദി ഓരോ മന്ത്രിമാര്‍ക്കും ടാര്‍ജറ്റുകള്‍ നിശ്ചയിച്ചിരുന്നു. അതനുസരിച്ച് ഓരോ മന്ത്രാലയവും നടത്തിയ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിലയിരുത്തി അതിനനുസരിച്ചാവും പുനഃസംഘടനയുണ്ടാകാന്‍ സാധ്യത.

തന്റെ മന്ത്രിസഭയിലെ മന്ത്രിമാരുടെ ടാര്‍ജറ്റ് മോദി പത്ത് ശതമാനം ഉയര്‍ത്തിയിരുന്നു. അവരവരുടെ മേഖലകളിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനാണ് 10 ശതമാനം ടാര്‍ജറ്റ് നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.  മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനുള്ള ചുമതല പ്ലാനിങ് കമ്മീഷനാണ്. മന്ത്രിസഭാ പുനഃസംഘടയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതില്‍ പ്ലാനിംഗ് കമ്മീഷന്റെ റിപ്പൊര്‍ട്ടുകള്‍ നിര്‍ണ്ണായകമാകും.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായ പ്രകാശ് ജാവേദ്കറാണ് മന്ത്രിസഭാ പുനഃസംഘടനയേക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. ഒക്ടോബറിലെ മൂന്നാമത്തെ ആഴ്ചയിലോ ഡിസംബറിനോടടുത്തോ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചു പണി ഉറപ്പാണെന്നാണ് പ്രകാശ് ജാവേദ്കര്‍ നല്‍കുന്ന സൂചന.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക