തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ആറ് മാസത്തിനിടെ 85 ലക്ഷത്തോളം തൊഴിലാളികളെ ബിജെപി സര്‍ക്കാര്‍ പുറത്താക്കിയതായി റിപ്പോര്‍ട്ട്

രേണുക വേണു

തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (16:10 IST)
Workers

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് ആറുമാസത്തിനിടെ 85 ലക്ഷത്തോളം തൊഴിലാളികളെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസ കാലയളവില്‍ 84.8 ലക്ഷം തൊഴിലാളികള്‍ ഒഴിവാക്കപ്പെട്ടതായി ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ചുള്ള ഗവേഷക കൂട്ടായ്മയായ 'ലിബ്ടെക്' നടത്തിയ പഠനം വെളിപ്പെടുത്തുന്നു.
 
തമിഴ്നാട് (14.7 ശതമാനം), ഛത്തീസ്ഗഡ് (14.6) എന്നിവിടങ്ങളിലെ തൊഴിലാളികളാണ് കൂടുതല്‍ ഒഴിവാക്കപ്പെട്ടത്. തൊഴിലുറപ്പ് ഗുണഭോക്താക്കളെ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതായി നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് 'ലിബ്‌ടെക്' പഠനത്തിലെ വെളിപ്പെടുത്തല്‍. 
 
2022-23, 2023-24 സാമ്പത്തികവര്‍ഷങ്ങളില്‍ എട്ടുകോടിയോളം തൊഴിലാളികളെയാണ് പുറത്താക്കിയതെന്നും 'ലിബ്ടെക്' റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 15 ശതമാനം പേരുകളും തെറ്റായ രീതിയിലാണ് ഒഴിവാക്കിയത്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള പണം നല്‍കല്‍ സംവിധാനം (എബിപിഎസ്) കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് വ്യാപകമായി തൊഴിലാളികള്‍ പുറത്താക്കപ്പെട്ടത്. 
 
2023 ജനുവരി ഒന്ന് മുതലാണ് എബിപിഎസ് നടപ്പിലാക്കിയത്. തൊഴില്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം, രേഖകളില്‍ പേര് ഒരുപോലെയാകണം, ബാങ്ക് അക്കൗണ്ട് ആധാറുമായും ദേശീയ പേയ്മെന്റ് കോര്‍പറേഷനുമായും ബന്ധിപ്പിക്കണം തുടങ്ങി എബിപിഎസില്‍ ഉള്‍പ്പെടുന്നതിനുള്ള വ്യവസ്ഥകള്‍ തൊഴിലാളികളെ വലയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഉള്‍പ്പെടാത്തവരുടെ പേരുകള്‍ കൂട്ടത്തോടെ വെട്ടുകയാണ്. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് തൊഴില്‍ദിനങ്ങളുടെ എണ്ണത്തില്‍ 16.6 ശതമാനത്തിന്റെ കുറവും വരുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍