കൈകുഞ്ഞിനെ കൊല്ലണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍ കോടതിയില്‍

Webdunia
ശനി, 25 ജൂണ്‍ 2016 (17:26 IST)
എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊല്ലണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍ കോടതിയില്‍. മാരകമായ കരള്‍രോഗം ബാധിച്ച മകളെ ചികിത്സിക്കാന്‍ പണം ഇല്ലാത്തതിനാലാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശികളായ രമണപ്പ - സരസ്വതി ദമ്പതികള്‍ കുഞ്ഞിന് ദയാവധം നല്‍കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
 
താമ്പല്ലപ്പള്ളി സിവില്‍ കോടതിയിലാണ് ഇവര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കുഞ്ഞിന്റെ തുടര്‍ ചികിത്സയ്ക്ക് 50 ലക്ഷത്തോളം രൂപ ആവശ്യമാണെന്നും സാമ്പത്തികസ്ഥിതി മോശമായതിനാല്‍ മകളുടെ ചികിത്സ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നും ഇവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള കേസായതിനാല്‍ കോടതി വിധി പ്രഖ്യാപിച്ചില്ല.
 
ജില്ലാ കോടതിയെയോ ഹൈദരാബാദ് ഹൈക്കോടതിയെയോ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പലചരക്ക് കട തൊഴിലാളിയായ പിതാവ് രമണപ്പയ്ക്ക് തുച്ഛമായ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. മകള്‍ക്ക് ഗുരുതര കരള്‍ രോഗമാണെന്ന് അറിഞ്ഞപ്പോള്‍ ചികിത്സ ആരംഭിച്ചെങ്കിലും ചെലവ് താങ്ങാനാവാതെ വന്നതോടെ ചികിത്സ അവസാനിപ്പിക്കുകയായിരുന്നു.
 
കരള്‍ മാറ്റ ശസ്ത്രക്രിയയും വര്‍ഷങ്ങളോളം നീളുന്ന തുടര്‍ ചികിത്സയുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പണം സ്വരൂപിക്കാന്‍ മറ്റ് വഴികള്‍ തേടിയെങ്കിലും നടക്കാതെ വന്നതോടെയാണ് ദയാവധത്തിനുള്ള ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
Next Article