സച്ചിന്റെ ശബ്‌ദം കേട്ടില്ല; മേരികോമിന്റെ പഞ്ചില്‍ ക്രിക്കറ്റ് ഇതിഹാസം താഴെ വീണു!

ബുധന്‍, 3 ഓഗസ്റ്റ് 2016 (19:00 IST)
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവമാണ് സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരും അല്ലാത്തവരുമായ എല്ലാവരും ബഹുമാനിക്കുന്ന താരമാണ് അദ്ദേഹം. 24 വര്‍ഷം ക്രീസില്‍ നിന്ന് റെക്കോര്‍ഡുകള്‍ തൂത്തുവാരിയെടുത്ത സച്ചിനെ നമിക്കാത്തവരായി ഒരു താരങ്ങളും ഉണ്ടാകില്ല. കളിക്കളത്തിലും പുറത്തും അദ്ദേഹം പുലര്‍ത്തുന്ന മാന്യതയാണ് ഏവരെയും ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം.

ക്രീസിലെ പോരാട്ടം അവസാനിപ്പിച്ച് രാജ്യസഭയില്‍ എത്തിയ സച്ചിനില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനങ്ങള്‍ ഒന്നും കാണാന്‍ സാധിച്ചില്ല എന്നത് നിരാശ പകരുന്നതാണ്. രാജ്യസഭാംഗമായി നേമിനെറ്റ് ചെയ്യപ്പെട്ട് മൂന്നുവര്‍ഷത്തോളം സച്ചിന്‍ നിശബ്ദനായിട്ടാണ് സഭയില്‍ ഇരുന്നത്.

സഭയിലെ ചോദ്യോത്തര വേളകളില്‍ സച്ചിന്‍ ഒന്നും ചോദിച്ചില്ല. ഒടുവില്‍ കൊല്‍ക്കത്ത മെട്രോയുടെ മാതൃക മറ്റ് സിറ്റികളിലേക്കും സ്വീകരിക്കുന്നതിന്റെ സാധ്യത മാത്രമാണ് അദ്ദേഹം സഭയില്‍ ചോദിച്ചത്. മൂന്നു വര്‍ഷത്തോളം സഭയില്‍ ഇരുന്നിട്ടും സുപ്രധാനമായ ഒരു വിഷയത്തിലും സംസാരിക്കാന്‍ കഴിയാതിരുന്ന ക്രിക്കറ്റ് ഇതിഹാസത്തെ ഇടിച്ചിടുന്ന പ്രകടനമായിരുന്നു ഏപ്രില്‍ മാസം സഭയിലെത്തിയ മേരി കോം നടത്തിയത്.

സഭയിലെത്തിയ മേരി സഭയുടെ ചട്ടങ്ങള്‍ മനസിലാക്കിയ ശേഷം മൂന്നു മാസത്തിനു ശേഷം അതായത് ഇന്നലെ പ്രസക്തമായ ചോദ്യം സഭയില്‍ ഉന്നയിക്കുകയും ചെയ്‌തു. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കായികതാരങ്ങള്‍ക്ക് നല്ല ഭക്ഷണം യഥാസമയം ലഭ്യമാക്കുന്നതിനെക്കുറിച്ചാണ് ബോക്‍സിംഗ് ചാമ്പ്യനായ കോം സഭയെ ഓര്‍മപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക