വിവാഹശേഷം ഭാര്യയെ പീഡിപ്പിക്കുന്നതിന് പിന്നിൽ? ഇതൊരു ക്രിമിനൽ കുറ്റമോ?

ശനി, 23 ജൂലൈ 2016 (18:13 IST)
സ്ത്രീപീഡനങ്ങൾ ഇന്നൊരു വാർത്ത അല്ലാതായിരിക്കുകയാണ്. അങ്ങനൊരു സമൂഹത്തിലാണ് നാമോരുത്തരും ജീവിക്കുന്നത്. പീഡനത്തിന് ഒരു പ്രായമില്ലാതായിരിക്കുകയാണ്. ഓരോ ദിവസവും സ്ത്രീപീഡന കേസുകൾ കൂടി വരുന്നതേയുള്ളു, കുറയുന്നില്ല. സ്ത്രീയെ ബഹുമാനിക്കാൻ കഴിയാത്തവരല്ലെ ശരിക്കും അവരെ പീഡിപ്പിക്കുന്നത്?.
 
അച്ഛൻ മകളെ പീഡിപ്പിക്കുന്നു, സഹോദരൻ സഹോദരിയെ പീഡിപ്പിക്കുന്നു, കൂട്ടുകാരൻ കൂട്ടുകാരിയെ പീഡിപ്പിക്കുന്നു. അങ്ങനെ നീളുകയാണ് പീഡനത്തിന്റെ വാർത്തകൾ. അപ്പോൾ പ്രായമല്ല പ്രശ്നം. പിന്നെന്താണ്?. സമൂഹത്തിന്റെ ഈ അവസ്ഥയിൽ വേദനിച്ച് ചില മാതാപിതാക്കൾ മകളെ വിവാഹം കഴിപ്പിച്ചയക്കുന്നു. വിവാഹിതയായാൽ അവൾ സുരക്ഷിതയായിരിക്കുമെന്ന വിശ്വാസമാണ് അതിന് പിന്നിൽ. എന്നാൽ വിവാഹത്തിന് ശേഷം ഭാര്യമാരെ പീഡിപ്പിക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്.
 
വിവാഹശേഷം ഭാര്യയെ പീഡിപ്പിക്കുന്നത് ക്രിമിനൽ കേസാണോ? ശിക്ഷ ലഭിക്കുമോ, അതോ ഭാര്യയാണെന്ന് കരുതി എന്തും ആകാമെന്നാണോ? സമൂഹത്തിലെ സ്ത്രീകളുടെ സംശയങ്ങ‌ൾ അവസാനിക്കുന്നില്ല. എങ്ങനെ അവസാനിക്കാൻ, അവരുടെ കണ്ണുകളിലും കാതുകളിലും അത്തരം വാർത്തകൾ സ്ഥിരമായിരിക്കുമ്പോൾ ഒരിക്കലും അവരുടെ സംശയങ്ങൾക്ക് അറുതിയുണ്ടാകില്ല.
 
പേടിയാണ് വേണ്ടത്. സ്ത്രീയെ അവളുടെ അനുവാദമില്ലാതെ സ്പർശിച്ചാൽ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന പേടി. അതാണിപ്പോൾ ആവശ്യമെന്നും സ്ത്രീകൾ പറയുന്നു. വിവാഹശേഷമുള്ള പീഡനം തീർച്ചയായും ക്രിമിനൽ കുറ്റമാമാണെന്ന കാര്യത്തിൽ യാതോരു സംശയവുമില്ല. ഇന്ത്യയിൽ മാത്രം എന്തുകൊണ്ടാണ് നിയമമുണ്ടായിട്ടും വീട്ടമ്മമാർ സുരക്ഷിതരല്ലാത്തത്?. 
 
കുറ്റം ചെയ്യുന്ന ഭർത്താക്കന്മാരെ ഇന്ത്യൻ നിയമം ശിക്ഷിക്കാതിരിക്കുന്നു എന്നല്ല പറഞ്ഞത്. ഭർത്താവ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞാൽ ആദ്യം ചോദിക്കുക ഭർത്താവ് അല്ലെ എന്നായിരിക്കും. വിവാഹം കഴിഞ്ഞാൽ പിന്നീട് എന്തു തന്നെയായാലും സഹിക്കുക എന്നാണ് സമൂഹം പറയുക. ഭർത്താവ് ശാരീരികമായി പീഡിപ്പിച്ചെന്ന് ഒരു സ്ത്രീ പരാതി നൽകിയാൽ സമൂഹത്തിന് മുന്നിൽ തെറ്റുകാരിയാവുക അവർ തന്നെയായിരിക്കും. പീഡനത്തിനുകൂടിയുള്ള അവകാശമാണ് വിവാഹമെന്ന നിലപാടുള്ളവരും സമൂഹത്തിലുണ്ട്.
 
ഭാര്യയെ എന്തും ചെയ്യാൻ ഉള്ള അധികാരമല്ല വിവാഹം എന്നത്.  ഭാര്യയുടെ അനുവാദമില്ലാതെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന ഭർത്താവ്, ലൈംഗികബന്ധം തീർത്തും ഒരു പീഡനം ആക്കി മാറ്റുന്ന ഭർത്താവ്, ഇത്തരത്തിൽ പങ്കാളിയെ പീഡിപ്പിക്കുന്ന ഭർത്താക്കന്മാർക്ക് ശിക്ഷ നൽകാൻ അധികാരവും നിയമവും മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലുമുണ്ട്. പക്ഷേ അങ്ങനെയൊരു സംഭവമുണ്ടായാൽ സമൂഹത്തിനും കുടുംബത്തിനും മുന്നിൽ തലകുനിക്കേണ്ടി വരിക സ്ത്രീകൾക്കായിരിക്കും.
 
നിർബന്ധപൂർവ്വമുള്ള ലൈംഗികത ക്രിമിനൽ കുറ്റം തന്നെയാണ്. ശിക്ഷ ലഭിച്ച കുറ്റക്കാരും നീതി ലഭിച്ച സ്ത്രീകളും ഉണ്ട്. പക്ഷേ എന്തുകൊണ്ട് അത് ഒരു ഭർത്താവിന് ബാധകമാകുന്നില്ല. അതിന് കാരണം നിയമമല്ല, സമൂഹം തന്നെയാണ്. ഭർത്താവിനെതിരെ പീഡനത്തിന് ഭാര്യ കോടതിയിൽ കേസ് നൽകിയെന്ന തരത്തിലുള്ള വാർത്തകൾ ഇന്ത്യയിൽ കേൾക്കാത്തതും അതുകൊണ്ട് തന്നെയാണ്.
 
സ്ത്രീകളുടെ സുരക്ഷയ്ക്കായി പല സംഘടനകളും ഇന്ത്യയിലുണ്ട്. സ്ത്രീകളെ ഉപദ്രവിച്ചാൽ, അത് ഇനി മാനസികമായും ശാരീരികമായാലും ശരി ശിക്ഷ ലഭിച്ചിരിക്കും. വിവാഹിതരായ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഗാർഹിക പീഡനത്തിന് ശിക്ഷകൾ ഉണ്ട്. അത് ഭർത്താവായാലും ഭർത്തൃവീട്ടുകാർ ആയാലും ശരി. സമൂഹമാണ് മാറേണ്ടത്. എന്നാൽ സമൂഹത്തെ മാറ്റാൻ വ്യക്തികൾക്കേ കഴിയുകയുള്ളു എന്നതാണ് ക്ലേശകരമായ കാര്യം. 

വെബ്ദുനിയ വായിക്കുക