മാവോയിസ്റ്റ് കമാന്‍ഡറിനെ വെടിവച്ചു കൊന്നു

ബുധന്‍, 23 ജൂലൈ 2014 (14:54 IST)
ജാര്‍ഖന്‍ഡിലെ ഖുന്തി ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവൊയിസ്റ്റ് കമാന്‍ഡറിനെ സുരക്ഷാ സേന വെടിവച്ചു കൊലപ്പെടുത്തി. സിപിഐ മാവോയിസ്റ്റിലെ വിശാല്‍, തുളസി, ടഡിത് എന്നീ പേരുകളില്‍ അറിയപ്പെടുന്ന കമാന്‍ഡറിനേയാണ് ഏറ്റുമുട്ടലില്‍ സി‌ആര്‍പി‌എഫ് വെടിവച്ച് കൊന്നത്.
 
ഖുന്തി ജില്ലയിലെ ലിംബ സൊസൊകുറ്റി ഗ്രാമത്തിലാണ് സി‌ആര്‍പി‌എഫും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ മാവോയിസ്റ്റുകള്‍ പിന്തിരിഞ്ഞു പോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
 
രാവിലെ നാലുമണിക്കായിരുന്നു സംഘട്ടനം നടന്നത്. പ്രദേശത്ത് നിന്ന് എ‌കെ 47 തോക്കുകള്‍, 150 വെടിയുണ്ടകള്‍,ഗ്രനേഡ്, മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ സി‌ആര്‍പി‌എഫ് സംഘത്തിലുണ്ടായിരുന്ന ഒരു അസിസ്റ്റന്റ് കമാന്‍ഡറിന് കണ്ണിനു താഴെ വെടിയേറ്റിട്ടുണ്ട്.ഇയാളെ തലസ്ഥാനത്തെ ആശുപത്രിയിലാക്കിയതായി അധികൃതര്‍ പറഞ്ഞു.
 
 
 
 

വെബ്ദുനിയ വായിക്കുക