മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; വീഡിയോ ആരും പങ്കുവയ്ക്കരുതെന്ന് കേന്ദ്രം, നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു

വ്യാഴം, 20 ജൂലൈ 2023 (11:17 IST)
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച വീഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഈ വീഡിയോ നീക്കം ചെയ്യാന്‍ കേന്ദ്രം ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ കമ്പനികളോട് ആവശ്യപ്പെട്ടു. വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ആരും പ്രചരിപ്പിക്കരുതെന്നും കേന്ദ്രം പറയുന്നു. വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം. 
 
വിവാദ വീഡിയോ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വീഡിയോ പ്രചരിക്കാതിരിക്കാന്‍ ഐടി മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
വീഡിയോയില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്നതും വയലിലേക്ക് കൊണ്ടുപോകുന്നതും കാണാം. ഇവരെ പിന്നീട് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. മേയ് നാലിനാണ് ഇത് സംഭവിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍