ഒരു ദിവസം നമ്മള്‍ എത്ര മണിക്കൂര്‍ ഉറങ്ങും? സാധാരണ ഒരു മനുഷ്യന്‍ ദിവസത്തില്‍ എട്ട് മണിക്കൂര്‍ ഉറങ്ങുന്നതാണ് ആരോഗ്യത്തിനു നല്ലത്. എന്നാല്‍, ഒന്നുറങ്ങിയാല്‍ പിന്നെ 25 ദിവസം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ ഉള്ള അവസ്ഥ ആലോചിച്ച് നോക്കൂ ! അങ്ങനെയൊരു മനുഷ്യന്‍ നമുക്കിടയിലുണ്ട്. വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന മനുഷ്യന്‍ ! രാജസ്ഥാനിലെ നഗൗര്‍ സ്വദേശിയായ പുര്‍ഖരം എന്ന 42 കാരനാണ് വര്‍ഷത്തില്‍ 300 ദിവസം ഉറങ്ങിയത്. ആക്‌സിസ് ഹൈപ്പര്‍സോമ്‌നിയ എന്ന അപൂര്‍വ രോഗമാണ് നിയന്ത്രിക്കാന്‍ സാധിക്കാത്ത ഈ ഉറക്കത്തിനു കാരണം. ഒരിക്കല്‍ ഉറങ്ങിയാല്‍ ചിലപ്പോള്‍ 25 ദിവസം കഴിഞ്ഞേ ഇയാള്‍ ഉണരൂ.
23 വര്‍ഷം മുന്‍പാണ് ഈ അപൂര്‍വരോഗം പുര്‍ഖരത്തെ ബാധിക്കുന്നത്. തുടക്കത്തില്‍ 15 മണിക്കൂറോളമാണ് ഒരു ദിവസം ഇദ്ദേഹം ഉറങ്ങിയിരുന്നത്. പിന്നീട് സമയദൈര്‍ഘ്യം വര്‍ധിച്ചു. തുടക്കകാലം മുതല്‍ പുര്‍ഖരത്തിന്റെ കുടുംബം വൈദ്യസഹായം തേടുന്നുണ്ട്. എന്നാല്‍, ദിനംപ്രതി അവസ്ഥ മോശമായിക്കൊണ്ടിരുന്നു. ഇപ്പോള്‍ 20 മുതല്‍ 25 ദിവസം വരെ ഒറ്റകിടപ്പില്‍ ഉറങ്ങും. ആരൊക്കെ ഉറക്കത്തില്‍ നിന്നു വിളിച്ചാലും എഴുന്നേല്‍ക്കില്ല. ഉറക്കത്തിനിടെ ഇയാള്‍ക്ക് വീട്ടുകാര്‍ മരുന്നും ഭക്ഷണവും നല്‍കുന്നുണ്ട്.
നാട്ടില്‍ ചെറിയൊരു കട നടത്തിയാണ് പുര്‍ഖരം ജീവിക്കുന്നത്. ഉറക്കരോഗം കാരണം മാസത്തില്‍ അഞ്ച് ദിവസം മാത്രമേ കട തുറക്കാന്‍ കഴിയുന്നുള്ളൂ. പലപ്പോഴും കടയില്‍ ഇരുന്നും ഇയാള്‍ ഉറങ്ങി വീഴും. ചികില്‍സയും ഉറക്കവും കാരണം താന്‍ വളരെയധികം തടിച്ചുവെന്നും കഠിനമായ തലവേദനയാണ് പലപ്പോഴും അനുഭവപ്പെടുന്നതെന്നുമാണ് പുര്‍ഖരം പറയുന്നത്.