പ്രശസ്ത പിന്നണി ഗായിക വാണി ജയറാം 2023 ഫെബ്രുവരി നാലിന് അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെറ്റിയില്‍ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരില്‍ 1945 ലാണ് വാണിയുടെ ജനനം. കലൈവാണി എന്നാണ് യഥാര്‍ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നിവയുള്‍പ്പെടെ 19 ഭാഷകളിലായി അവര്‍ ഗാനങ്ങള്‍ ആലപിച്ചു.
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ വാണിയെ തേടിയെത്തി. ഏഴുസ്വരങ്ങള്‍ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ദേശീയ അവാര്‍ഡ് നേടികൊടുത്ത ചിത്രങ്ങള്‍. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചത്.
1971 ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെയാണ് വാണി പ്രശ്സതയായത്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവന്നത്.
ഇന്നസെന്റ്
മലയാളത്തിന്റെ പ്രിയ നടനും മുന്‍ ലോക്സഭാ എംപിയുമായ ഇന്നസെന്റ് 2023 മാര്‍ച്ച് 26ന് അന്തരിച്ചു. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. 75 വയസ്സായിരുന്നു. അഞ്ച് പതിറ്റാണ്ട് വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന അഭിനേതാവിനെയാണ് മലയാളത്തിനു നഷ്ടമായിരിക്കുന്നത്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
അഞ്ച് പതിറ്റാണ്ടോളം ഇന്നസെന്റ് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു. വില്ലന്‍, സഹനടന്‍, ഹാസ്യതാരം എന്നീ നിലകളിലെല്ലാം ഇന്നസെന്റ് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു. ലോക്സഭാ എംപി എന്ന നിലയിലും ഇന്നസെന്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഉമ്മന്‍ ചാണ്ടി
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി 2023 ജൂലൈ 18ന് അന്തരിച്ചു. 79 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായ അദ്ദേഹം കുറച്ച് നാളുകളായി ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയാണ് ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട്. മകന്‍ ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗ വാര്‍ത്ത കേരളത്തെ അറിയിച്ചത്. ഇന്ന് പുലര്‍ച്ചെ 4.25 നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അന്ത്യം.
രണ്ട് തവണകളായി ഏഴ് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ നേതാവാണ് ഉമ്മന്‍ചാണ്ടി. തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോര്‍ഡ്. 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണയാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ജയിച്ച് ഉമ്മന്‍ചാണ്ടി നിയമസഭയിലെത്തിയത്.
എംഎസ് സ്വാമി നാഥന്‍
ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം എസ് സ്വാമിനാഥന്‍ സെപ്റ്റംബര്‍ 28ന് അന്തരിച്ചു. തെക്ക് കിഴക്കന്‍ ഏഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റിയത് എം എസ് സ്വാമിനാഥന്റെ പരിശ്രമങ്ങളായിരുന്നു. 1952ല്‍ കേംബ്രിഡ്ജില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയാണ് അദ്ദേഹം ഇന്ത്യയുടെ ഹരിതവിപ്ലവത്തിന്റെ അതികായനായി മാറിയത്.
ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുമുള്ള വിത്തുകള്‍ വികസിപ്പിക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് അന്താരാഷ്ട്ര രംഗത്ത് സ്വാമിനാഥനെ പ്രശസ്തനാക്കിയത്. 1966ല്‍ മെക്സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമാക്കി. ഇത് പഞ്ചാബില്‍ വമ്പന്‍ വിജയമായി തീര്‍ന്നു. സ്വാമിനാഥന്‍ രാജ്യത്തിന് നല്‍കിയ സേവനങ്ങളെ മാനിച്ച് രാജ്യം അദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഏഷ്യ കണ്ട പ്രധാന വ്യക്തിത്വങ്ങളിലൊന്നായി ടൈം മാസിക സ്വാമിനാഥനെ തെരെഞ്ഞെടുത്തിട്ടുണ്ട്.
കെജി ജോര്‍ജ്
മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ജീനിയസ്സുകളില്‍ ഒരാളായ സംവിധായകന്‍ കെ ജി ജോര്‍ജ് സെപ്റ്റംബര്‍ 24ന് കാലയവനികയ്ക്കുള്ളില്‍ മടങ്ങി. 1946ല്‍ തിരുവല്ലയിലാണ് കെ ജി ജോര്‍ജിന്റെ ജനനം. രാമു കാര്യാട്ടിന്റെ മായ എന്ന സിനിമയില്‍ സഹ സംവിധായകനായാണ് കെ ജി ജോര്‍ജ് തന്റെ സിനിമാജീവിതത്തിന് തുടക്കം കുറിച്ചത്. 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമാസംവിധാനത്തില്‍ ഡിപ്ലോമ എടുത്ത ശേഷമായിരുന്നു കെജി ജോര്‍ജിന്റെ സിനിമാപ്രവേശം.
1975ല്‍ പുറത്തിറങ്ങിയ സ്വപ്നാടനം എന്ന സിനിമയിലൂടെയാണ് കെ ജി ജോര്‍ജ് സംവിധായകനായി മാറുന്നത്. മലയാള സിനിമ അതുവരെ പിന്തുടര്‍ന്ന സാമ്പ്രദായികമായ രീതികളില്‍ നിന്നും പുറം തിരിഞ്ഞുനില്‍ക്കുന്ന സിനിമകളായിരുന്നു കെ ജി ജോര്‍ജ് തന്റെ സിനിമാ ജീവിതത്തില്‍ ഉടനീളം സംവിധാനം ചെയ്തത്. സ്വപ്നാടനം എന്ന ആദ്യ സിനിമയില്‍ തന്നെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും കെ ജി ജോര്‍ജ് സ്വന്തമാക്കി. തുടര്‍ന്ന് ഓരോ സംവിധായകനും പാഠപുസ്തകമാക്കാന്‍ സാധിക്കും വിധം വൈവിധ്യകരമായ സിനിമകളാണ് കെ ജി ജോര്‍ജ് ഒരുക്കിയത്.