രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അവധി ദിനമാണെന്ന് ഏത് കൊച്ചു കുട്ടിക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ ഇനിമുതല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കലണ്ടറില്‍ ചുവന്ന അക്ഷരമാണെന്ന് കരുതി അന്നേദിവസം വീട്ടില്‍ കുത്തിയിരിക്കരുതെന്നും എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അന്നേദിവസം ഓഫീസില്‍ ഹാജരാകണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.
രാഷ്ട്രപിതാവിന്റെ ജന്‍മദിനമായ അന്ന് പൗരന്‍മാര്‍ക്ക് ചില കടമകളുണ്ടെന്ന് ഓര്‍മിപ്പിക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ ഈ നടപടിയെടുക്കുന്നത്. ക്ലീന്‍ ഇന്ത്യ പദ്ദതിയുടെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മൊഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
ഒക്ടോബര്‍ രണ്ടിന് എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഓഫീസില്‍ ഹാജരായി ഓഫീസും പരിസരവുമെല്ലാം വൃത്തിയാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി എല്ലാ മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്.
ഓഫീസില്‍ ജീവനക്കാര്‍ അന്നേദിവസം ഹാജരായിട്ടുണ്ടോ എന്നും ഓഫീസും പരിസരവുമെല്ലാം വൃത്തിയാക്കിയിട്ടുണ്ടോയെന്നും നിരീക്ഷിക്കാന്‍ പരിശോധനാവിഭാഗത്തെയും തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല രാജ്യത്തെ ഓരോ പൗരന്‍മാരും ഒക്ടോബര്‍ രണ്ടിന് വീടും,പരിസരവും,പൊതുനിരത്തുമെല്ലാം വൃത്തിയാക്കാന്‍ ശ്രമിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.