മുംബൈ: മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയണ്. മന്ത്രിയുടെ വസതിയിലെ ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ആദ്യ പരിശോധനയിൽ തന്നെ രോഗ ബാധ സ്ഥിരീകരിയ്ക്കുകയായിരുന്നു. മന്ത്രിയുടെ കുടുംബാംഗങ്ങളെ ക്വറന്റീനിൽ പ്രവേശിപ്പിച്ചു. വനംവകുപ്പ് മന്ത്രി ജിതേന്ദ്ര ആവാഡിനും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
അതേസമയം മഹാരാഷ്ട്രയിൽ രോഗബധിതരുടെ എണ്ണം 50000 കടന്നു. ഞായറാഴ്ച മാത്രം 3,041 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധൊതരുടെ എണ്ണം 50,321 ആയി. 33,996 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,635 പേർ മഹാരാഷ്ട്രയിൽ മാത്രം മരിച്ചു. രോഗബാധ നിയന്ത്രണവിധേയമാക്കാൻ സാധിയ്ക്കാത്ത സാഹചര്യത്തിൽ മെയ് 31ന് ശേഷവും ലോക്‌ഡൗൺ നീട്ടേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചന നൽകി.