ഇന്ത്യയിലെ മാഗി സുരക്ഷിതം; വിശ്വാസം ആര്‍ജിച്ച് തിരിച്ചുവരും- നെസ്‌ലെ

വെള്ളി, 5 ജൂണ്‍ 2015 (14:05 IST)
ഇന്ത്യയിൽ വിൽക്കുന്ന മാഗി നൂഡിൽസ് സുരക്ഷിതമാണെന്നും ഇപ്പോഴത്തെ വിവാദങ്ങൾ ദൗർഭാഗ്യകരമാണെന്നും നെസ്‌ലെ സിഇഒ പോള്‍ ബള്‍ക്ക്. രാജ്യാന്തര നിലവാരത്തിനനുസരിച്ചാണ് മാഗി തയാറാക്കുന്നത്. പരിശോധനക്കയച്ച സാംപിളുകളെല്ലാം സുരക്ഷിതമെന്ന് റിപ്പോർട്ട് ലഭിച്ചു. ഇത് അധികൃതർക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ സർക്കാർ പരിശോധനയുമായി കമ്പനി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
മാഗി തീര്‍ത്തും സുരക്ഷിതമാണ്, ലോകത്തെല്ലായിടത്തും ഞങ്ങള്‍ നല്‍കുന്ന അതേ ഗുണനിലവാരംതന്നെയാണ് ഇന്ത്യയില്‍ വില്‍ക്കുന്ന മാഗിക്കും ഉറപ്പുവരുത്തുന്നത്. മാഗി ഉപഭോക്താക്കൾക്ക് താൽക്കാലിക ഇടിവുണ്ടായതിനെത്തുടർന്നാണ് മാഗി നൂഡിൽസിന്റെ ഇന്ത്യൻ വിപണിയിലെ വിൽപന നിർത്തിയത്. സുരക്ഷിതമാണെന്ന് പരിശോധനകളിൽ ഉറപ്പാക്കി മാഗി തിരിച്ചുവരുമെന്നും പോൾ ബൾക്കി പറഞ്ഞു.  
 
ഇന്ത്യ ഞങ്ങളുടെ ഏറ്റവും പ്രധാന വിപണിയാണ്. കഴിഞ്ഞ 100 വര്‍ഷത്തിലേറെയായി ഇന്ത്യയുമായി വാണിജ്യബന്ധമുണ്ട്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍നിന്നു മാഗി പിന്‍വലിച്ചത് ഉപഭോക്താക്കളുടെ ആശങ്ക പരിഗണിച്ചു മാത്രമാണ്. ഞങ്ങള്‍ രാസ പദാര്‍ഥങ്ങള്‍ ചേര്‍ക്കാറില്ല. ഇക്കാര്യത്തില്‍ വ്യക്തത നല്‍കാന്‍ അധികൃതരുമായി ഞങ്ങള്‍ സംസാരിക്കും. അതീവ ഗൗരവമുള്ള പ്രശ്നമായിട്ടാണു തങ്ങള്‍ ഇതു കാണുന്നതെന്നും പോൾ ബൾക്കി പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍നിന്നുള്ള പിന്മാറ്റത്തില്‍ തങ്ങളുടെ മാര്‍ക്കറ്റ് ഇടഞ്ഞേക്കാം. പക്ഷേ ഞങ്ങള്‍ക്കു പ്രധാനം ഉപഭോക്താക്കളുടെ വിശ്വാസമാണ്. ഞങ്ങളുടെ പരിശോധനാ ലാബുകളിലും മറ്റു ലാബുകളിലും പരിശോധിച്ചപ്പോള്‍ എങ്ങനെ വ്യത്യാസമുണ്ടായി എന്നു പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക