ലയനം അജന്‍ഡയിലില്ലെന്ന് ബേബി; വാര്‍ത്ത മാധ്യമസൃഷ്ടി

ഞായര്‍, 17 ഓഗസ്റ്റ് 2014 (14:41 IST)
സിപിഎം-സിപിഐ ലയനം അജന്‍ഡയിലില്ലെന്ന് സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എംഎ ബേബി. താന്‍ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തെ കുറിച്ച് സെമിനാറില്‍ ചര്‍ച്ച ചെയ്യണമെന്നാണ് താന്‍ തൃശൂരില്‍ പറഞ്ഞതെന്നും. എന്നാല്‍ അത് വ്യാഖ്യാനിക്കപ്പെട്ടത് സിപിഐ സിപിഎം ലയനത്തെ കുറിച്ചാണെന്നും എംഎ ബേബി വ്യക്തമാക്കി. പൊളിറ്റ്ബ്യൂറോ അംഗമായ എസ് രാമചന്ദ്രന്‍ പിള്ളയുമായി ലയനം സംബന്ധിച്ച് നിലപാട് എംഎ ബേബി വിശദീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം ജനങ്ങള്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസമാണ് എംഎ ബേബി പറഞ്ഞത്. സിപിഎമ്മും സിപിഐയും ഒരു കുടക്കീഴിലെത്തി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ നിലപാടിനെ സിപിഐ നേതാക്കളായ ബിനോയ് വിശ്വവും കാനം രാജേന്ദ്രനും പിന്തുണച്ചിരുന്നു.

എന്നാല്‍ ലയനത്തില്‍ താത്പര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക