രാജസ്ഥാനിൽ വിവിധ ഇടങ്ങളിലായി 7 കുട്ടികൾ ഉൾപ്പടെ 20 പേർ ഇടിമിന്നലേറ്റ് മരിച്ചു. മരിച്ച കുട്ടികളിൽ നാലുപേർ കോട്ട ജില്ലയിൽനിന്നുള്ളവരാണ്. മൂന്നുപേർ ധോൽപുർ ജില്ലയിലെ ബാഡിയിൽനിന്നുള്ളവരാണ്. സംസ്ഥാനത്ത് വിവിധ സംഭവങ്ങളിലായി 6 കുട്ടികൾ ഉൾപ്പടെ 21 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കാലാവസ്ഥ ആസ്വദിക്കാനായി രാജസ്ഥാനിലെ അമേർ ഫോർട്ട് വാച്ച്ടവറിൽ എത്തിയ 11 പേരാണ് മിന്നലേറ്റ് മരിച്ചത്. ഈ സംഭവത്തിൽ 8 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരും അപകടസമയത്ത് സെൽഫിയെടുക്കുകയായിരുന്നു. മറ്റ് ചിലർ കുന്നൊന് മുകളിൽ നിൽക്കുകയായിരുന്നു.
ജില്ലാ കലക്ടർ അന്തർ സിങ് അമേർ ഫോർട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലുലക്ഷം രൂപ വീതം നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു.