വിശാല ഇടത് സഖ്യത്തിന് രൂപമായി, കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ സമര പരമ്പരകള്‍

Webdunia
ശനി, 1 നവം‌ബര്‍ 2014 (16:50 IST)
ശത്രുവിന്റെ ശത്രു മിത്രം എന്ന പൊതു രാഷ്ട്രീയ തന്ത്രം പ്രായോഗികമാക്കി ബദ്ധ വൈരികളായ സിപി‌എമ്മും, തീവ്ര ഇടത് സംഘടനയായ് എസ്‌യുസിഐയും കൈകോര്‍ത്തു. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ മോഡി സര്‍ക്കാരിനെതിരെ സമരം ചെയ്യാനാണ് ഇരുവരും കൈകോര്‍ത്തത്. ദേശീയ തലത്തില്‍ വിശാലമായ ഇടത് സഖ്യ രൂപീകരണത്തിന്റെ ഭാഗമായാണ് എസ്‌യുസിഐ ഉള്‍പ്പെടെയുള്ള ഇടത് സംഘടനകള്‍ സിപി‌എമ്മിനൊപ്പം ചേരുന്നത്.

കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിലൂടെ ദേശീയതലത്തില്‍ ഇടതുപാര്‍ട്ടികളുടെ വിശാലസഖ്യത്തിന് തുടക്കമിടാനാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ട്ടികളുടെ ആദ്യയോഗത്തില്‍ തീരുമാനമായത്. സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, എസ്‌യുസിഐ, സിപിഐഎംഎല്‍ ലിബറേഷന്‍ എന്നീ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു.

തൊഴിലുറപ്പു നിയമത്തിലെ വെള്ളംചേര്‍ക്കല്‍, വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണം, ലൗജിഹാദ് പ്രചരണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദേശീയ തലത്തില്‍ പ്രക്ഷോഭം നടത്താനാണ് സഖ്യതീരുമാനം. സിപിഐ(എം), എസ്‌യുസിഐയും സിപിഐ(എം)ഉം 40 വര്‍ഷത്തിനു ശേഷമാണ് കൈകോര്‍ക്കുന്നത്. ആര്‍എസ്പി കേരളഘടകം യുഡിഎഫിനൊപ്പമായതിനാല്‍ ടിജെ ചന്ദ്രചൂഡന്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു.

ആര്‍‌എസ്പിക്കു വേണ്ടി ബംഗാളില്‍ നിന്നുള്ള ക്ഷിതി ഗോസ്വാമിയും മനോജ് ഭട്ടാചാര്യയുമാണ് യോഗത്തിലെത്തിയത്. കേരളത്തിലെ ആര്‍‌എസ്പി ഘടകത്തെ സഖ്യത്തില്‍ ചേരാന്‍ പ്രേരിപ്പിക്കുമെന്നാണ് ഇവര്‍ പറയുന്നത്. സംസ്ഥാനങ്ങളില്‍ മതേതരപാര്‍ട്ടികളെയും പ്രാദേശിക സമരസമിതികളെയും സഖ്യത്തിന്റെ ഭാഗമാക്കാനാണ് ധാരണ.

പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം നല്‍കുന്നതിനായി ഡിസംബര്‍ എട്ടു മുതല്‍ 14 വരെ ദേശീയ -സംസ്ഥാനതലത്തില്‍ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കും. പിന്നീട് പാര്‍ട്ടികളുടെ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത് തുടര്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. ദേശീയതലത്തിലെ വിശാലസഖ്യത്തിന് സംസ്ഥാനതലങ്ങളിലും തുടര്‍ച്ച നല്‍കും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.