പുതിയ ആമിര്‍ ചിത്രം പികെയുടെ പ്രചാരണാര്‍ഥം പുറത്തിറക്കിയ പോസ്റ്റര്‍ നിയമക്കുരുക്കില്‍. ഇതോടെ ആമിര്‍ ഖാന്‍ കോടതി കയറുമെന്ന് ഉറപ്പായി. നായകന്‍ ആമിര്‍ ഖാന്‍, നിര്‍മാതാവ് വിധു വിനോദ് ചോപ്ര, സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി, ചിത്രത്തിന്റെ പ്രമോട്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആമിര്‍ പൂര്‍ണ നഗ്നമായി പോസ് ചെയ്തിരിക്കുന്ന പോസ്റ്റര്‍ ലൈംഗിക അധിപ്രസരമുള്ളതും നഗ്നതാപ്രദര്‍ശനത്തെ പ്രേത്സാഹിപ്പിക്കുന്നതുമാണെന്നുമാണ് കേസ്. കാന്‍പൂര്‍ സ്വദേശിയായ അഭിഭാഷകന്‍ മനോജ് കുമാറാണ് കോടതിയെ സമീപിച്ചത്. കേസില്‍ ഏഴിന് കോടതി വാദം കേള്‍ക്കും.
തന്റെ ഫേസ് ബുക്ക്, ട്വിറ്റര്‍ പേജുകളിലാണ് ആമീര്‍ ഖാന്‍ കഴിഞ്ഞ ദിവസം പടം പോസ്റ്റ് ചെയ്തത്. ആമിര്‍ ഖാന്‍ നഗ്നനായി റെയില്‍വേ ട്രാക്കില്‍. നഗ്നത മറയ്ക്കാന്‍ കൈയില്‍ ഒരു ടേപ്പ് റെക്കോര്‍ഡര്‍ മാത്രമായി നില്‍ക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
2012-ല്‍ ഷൂട്ടിംഗ് തുടങ്ങിയ ചിത്രം ഇതിന് മുന്‍പ് തന്നെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ആമിര്‍ പാവാടയും കോട്ടും ടേപ്പ് റെക്കോര്‍ഡറുമായി നടന്നുപോകുന്ന ചിത്രവും പികെയുടെ സെറ്റില്‍ നിന്ന് പുറത്തുവന്നിരുന്നു. ഹിന്ദുദൈവങ്ങളെയും ആള്‍ദൈവങ്ങളെയും കുറിച്ചുള്ള സറ്റയറാണ് ചിത്രമെന്നാണ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുടെ ഭാഷ്യം.
സിനിമയില്‍ അന്യഗ്രഹത്തില്‍ നിന്നുമെത്തുന്നയാളായാണ് ആമിര്‍ അഭിനയിക്കുന്നത് എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പ് ശിവന്റെ വേഷം ധരിച്ചയാള്‍ ബുര്‍ഖ ധരിച്ച രണ്ട് സ്ത്രീകള്‍ ഇരിക്കുന്ന ഓട്ടോ തള്ളുന്ന ഭാഗം ചിത്രത്തിലുണ്ടെന്നും മതവിദ്വേഷത്തെ വ്രണം പെടുത്തുന്നുവെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
അനുഷ്‌ക ശര്‍മയാണ് ചിത്രത്തിലെ നായിക. സഞ്‌ജയ് ദത്ത്, ബോമാന്‍ ഇറാനി, കൈ പോ ചേ ഫെയിം സുശാന്ത് സിംഗ് രജ്പുത് തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഡിസംബര്‍ 19 ന് ചിത്രം പുറത്തിറങ്ങും.