ആര്‍ എസ് എസ് നിക്കര്‍ ഉപേക്ഷിച്ചത് റാബ്രി ദേവി കാരണമെന്ന് ലാലു പ്രസാദ് യാദവ്

ബുധന്‍, 12 ഒക്‌ടോബര്‍ 2016 (14:47 IST)
രാഷ്‌ട്രീയ സ്വയം സേവക് സംഘം (ആര്‍ എസ് എസ്) തങ്ങളുടെ യൂണിഫോമായ കാക്കിനിക്കര്‍ മാറ്റിയതിനു കാരണം തന്റെ ഭാര്യ റാബ്രിദേവിയാണെന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്. ആര്‍ എസ് എസിന്റെ യൂണിഫോം കാക്കിനിക്കറില്‍ നിന്ന് പാന്റ്സിലേക്ക് കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവകാശവാദവുമായി ലാലുപ്രസാദ് രംഗത്തെത്തിയത്.
 
കാക്കി നിക്കര്‍ ധരിച്ചു നടക്കാന്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് നാണമില്ലേ എന്ന് കഴിഞ്ഞ ജനുവരിയില്‍ നടത്തിയ പ്രസംഗത്തില്‍ റാബ്രിദേവി ചോദിച്ചിരുന്നു. ആര്‍ എസ് എസിനെ യൂണിഫോം മാറാന്‍ പ്രേരിപ്പിച്ചത് ഇതാണെന്നാണ് ലാലുപ്രസാദ് പറയുന്നത്. റാബ്രിദേവിയുടെ അന്നത്തെ പരാമര്‍ശത്തെ ബി ജെ പിയുടെ ഉന്നതനേതാക്കള്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.
 
അവരെ പാന്റ്സ് ധരിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍, അതു മാത്രം പോര. അവരുടെ ചിന്താഗതിയിലും മാറ്റം വരണം. ആയുധങ്ങള്‍ ഉപേക്ഷിക്കാനും ആര്‍ എസ് എസ് തയ്യാറാകണമെന്നും ലാലുപ്രസാദ് തന്റെ ട്വിറ്ററില്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക