കുവൈറ്റ് രാജകുമാരന്റെ നൗക കൊച്ചിയില്‍ മുങ്ങി; തൊഴിലാളികള്‍ രക്ഷകരായി

വ്യാഴം, 16 ഒക്‌ടോബര്‍ 2014 (11:08 IST)
ഇന്ത്യയില്‍ രഹസ്യ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി കൊച്ചിയിലെ  ചെറായി തിരുമനാംകുന്ന് ഭാഗത്തുള്ള കായലില്‍ ആഡംബര നൗകയില്‍ യാത്ര നടത്തിയ കുവൈറ്റ് രാജകുമാരന്‍ അപകടത്തില്‍ പെട്ടു.

കുവൈറ്റ് രാജകുമാരന്‍ ഷേയ്ക്ക് നാസര്‍ അല്‍ഷാബയും രാജകുമാരന്‍  സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന നൗക കായലിലെ മരക്കുറ്റിയിലിടിച്ച് മറിയുകയായിരുന്നു. അടുത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ബോട്ടില്‍ നിന്ന് രാജകുമാരനെയും രണ്ട് സുഹൃത്തുക്കളെയും രക്ഷപ്പെടുത്തിയത്. വേഗത്തില്‍ വന്ന നൗക മരക്കുറ്റി കാണാതെ പോയതാണ് അപകടത്തിന് കാരണമായത്.

ബോട്ടില്‍ നിന്ന് രാജകുമാരനെയും സുഹൃത്തുക്കളെയും രക്ഷപ്പെടുത്തിയ ശേഷം സ്ഥലത്തേക്ക് ആഡംബര കാറുകള്‍ പാഞ്ഞെത്തിയപ്പോഴാണ് തങ്ങള്‍ രക്ഷപ്പെടുത്തിയത് കുവൈറ്റ് രാജകുമാരനെയാണെന്ന് തൊഴിലാളികള്‍ അറിയുന്നത്. രഹസ്യ സന്ദര്‍ശനമായിരുന്നതിനാല്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്തരുതെന്ന് നാട്ടുകാരോട് രാജകുമാരന്‍ അഭ്യര്‍ത്ഥിച്ചു.

കുവൈറ്റില്‍ നിന്ന് ഇറക്കുമതി ചെയ്ത കോടികള്‍ വിലമതിക്കുന്ന ആഡംബര നൗകയാണ് അപകടത്തില്‍ പെട്ടത്. വെള്ളത്തില്‍ മുങ്ങിയ നൗക ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഉയര്‍ത്തിയെടുത്തത്. പിന്നീട് വൈകീട്ടോടെ പ്രത്യേക വിമാനത്തില്‍ രാജകുമാരന്‍ കുവൈറ്റിലേക്ക് പറന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക