നവംബർ 1നും 19നും ഇടയിൽ എയർ ഇന്ത്യയിൽ സഞ്ചരിക്കരുത്, ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ്

അഭിറാം മനോഹർ

തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (15:58 IST)
എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കെതിരെ ആക്രമണഭീഷണിയുമായി ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍. നവംബര്‍ ഒന്നിനും 19നും ഇടയില്‍ എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുതെന്നാണ് ഖലിസ്താന്‍ വിഘടനവാദിയുടെ മുന്നറിയിപ്പ്. സിഖ് വിരുദ്ധ കലാപത്തിന്റെ നാല്പതാം വാര്‍ഷികം അടുക്കവെയാണ് ഭീഷണിസന്ദേശം.
 
ഇന്ത്യയിലെ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ബോംബ് ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി. ഇതുവരെ നിരവധി ബോംബ് ഭീഷണികള്‍ ലഭിച്ചിരുന്നെങ്കിലും ഇവയെല്ലാം വ്യാജമെന്ന് തെളിഞ്ഞിരുന്നു. ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഖലിസ്താന്‍ നേതാവിന്റെ ഭീഷണി.
 
 നേരത്തെ ഡിസംബര്‍ 13ന് മുന്‍പ് പാര്‍ലമെന്റിന് നേരെ ആക്രമണം നടത്തുമെന്ന് ഗുര്‍പത്വന്ത് സിംഗ് ഭീഷണി മുഴക്കിയിരുന്നു. ഹമാസ് നടത്തിയത് പോലെ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്നും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ആക്രമിക്കുമെന്നും ഇയാള്‍ മുന്‍പ് ഭീഷണി മുഴക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍