കേന്ദ്ര സാഹിത്യ അക്കാദമിയിലേക്ക് എഴുത്തുകാരുടെ വായ്മൂടി പ്രതിഷേധം
വെള്ളി, 23 ഒക്‌ടോബര്‍ 2015 (12:17 IST)
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്‌റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് എഴുത്തുകാരുടെ വായ്മൂടി പ്രതിഷേധം. എഴുത്തുകാര്‍ പുരസ്ക്കാരങ്ങള്‍ തിരിച്ച് നല്‍കുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അടിയന്തരയോഗം ചേരുന്നതിന് മുമ്പാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
അതേസമയം, എഴുത്തുകാരുടെ പ്രതിഷേധം 'മാനുഫാക്ച്ചേർഡ്' ആണെന്ന് ബിജെപിയും കേന്ദ്രസർക്കാരും ആരോപിച്ചു. എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഒരു വിഭാഗകും പ്രതിഷേധ പ്രകടനം നടത്തി. എഴുത്തുകാർക്കെതിരെ വർധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കെതിരെ അക്കാദമി പ്രതിഷേധിക്കാത്തതിൽ പ്രതിഷേധിച്ച് 40 ഓളം എഴുത്തകാരാണ് അവാർഡ് തിരികെ നൽകിയത്. കഴിഞ്ഞ ദിവസം 150 രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാർ ഇന്ത്യൻ എഴുത്തുകാർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എഴുത്തുകാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, എഴുത്തുകാര്‍ ഉന്നയിച്ചിരിക്കുന്ന എല്ലാ കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അക്കാദമി സെക്രട്ടറി ശ്രീനിവാസ റാവു പറഞ്ഞു. പുരസ്‌ക്കാരങ്ങൾ തിരിച്ച് നൽകിയ എഴുത്തുകാർ യോഗ വേദിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അക്കാദമി എല്ലാ അംഗങ്ങൾക്കും കത്തയച്ചിരുന്നു.
സിപിഐ നേതാവും യുക്തിവാദിയുമായിരുന്ന ഗോവിന്ദ് പൻസാരെ, യുക്തിവാദി നരേന്ദ്ര ദാബോൽക്കർ, ചിന്തകൻ എംഎം കുൽബർഗി എന്നിവരുടെ കൊലപാതകത്തിലും ദാദ്രി സംഭവത്തിലും പ്രതിഷേധിച്ച് മലയാളികളായ സച്ചിദാനന്ദനും പികെ പാറക്കടവും അക്കാദമി അംഗത്വം രാജിവെച്ചിരുന്നു. സാറ ജോസഫടക്കം നിരവധി പേർ അക്കാദമി അവാർഡുകൾ തിരിച്ചുകൊടുകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്.