ആര് വീഴും, ആര് നേടും- കെജ്രിവാളോ അതൊ കിരണ്‍ ബേദിയൊ?

ശനി, 17 ജനുവരി 2015 (15:01 IST)
തങ്ങളുടേതായ രീതിയില്‍ രാജ്യത്തിന് ഏറെ സംഭാവന നല്‍കിയവരാണ് കിരണ്‍ ബേദിയും ആം‌ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളും.  മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ആളാണ് കിരണ്‍ ബേദി. അണ്ണാ ഹസാരെ അരവിന്ദ് കെജ്‌രിവാള്‍ ടീമിനൊപ്പം അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബേദിക്ക് അതുകൊണ്ടുതന്നെ ഡല്‍ഹിയുടെ രാഷ്ട്രീയ ബോധത്തെ ഇളക്കാനും മാറ്റാനും കഴിയും. 
 
എന്നാല്‍ കെജ്രിവാളാകട്ടെ ഡല്‍ഹിയുടെ മുന്‍ മുഖ്യമന്ത്രിയും മികച്ച പ്രതിഛായയുള്ള നേതാവുമാണ്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ മുന്നില്‍ നിര്‍ത്തി ബിജെപി പോരാട്ടം തുടങ്ങിയാല്‍ ആരാകും വീഴുക, ആരാകും നേടുക എന്നത് ആകാക്ഷ ഉയര്‍ത്തുന്ന കാര്യമാണ്. അതിനാല്‍ രണ്ടുപേരേയും ഒരു ബലാബല പരീക്ഷണം നടത്തി നോക്കിയാലോ. നമുക്കൊന്ന് നോക്കിക്കളയാം. രാഷ്ട്രീയത്തിന്റെ കെട്ടുഭാരങ്ങള്‍ രണ്ടുപേര്‍ക്കും അധികമില്ല എന്നതിനാല്‍ ആരു ജയിച്ചാലും കുറച്ചുകാലമെങ്കിലും രാഷ്ട്രീയത്തിലെ പൊറാട്ടു നാടകങ്ങള്‍ ഡല്‍ഹിക്കാര്‍ക്ക് കാണാതിരിക്കാം എന്ന ഒരു ആശ്വാസം മാത്രം ബാക്കിയുണ്ട്.
 
അടുത്തദിവസം തന്നെ ചേരുന്ന ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം കിരണ്‍ ബേദിയുടെ സ്ഥാനാര്‍ത്ഥിത്വം ഒദ്യോഗികമായി തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും അറിയിച്ചിട്ടുണ്ട്. മത്സരിക്കുന്ന മണ്ഡലത്തിന്റെ കാര്യത്തിലും ബിജെപിയുടെ തീരുമാനം അനുസരിക്കുമെന്ന് കിരണ്‍ ബേദി പറഞ്ഞു. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ തന്നെ മത്സരിക്കാന്‍ തയ്യാറാണെന്ന് കിരണ്‍ ബേദി വ്യക്തമാക്കിക്കഴിഞ്ഞു. ബേദിയെ പാളയത്തിലെത്തിച്ചതിലൂടെ ബിജെപി വലിയൊരു രാഷ്ട്രീയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. അതിനാല്‍ ബേദി ഇഫക്ട് മറികടക്കാന്‍ ബിജെപി നേതാക്കള്‍ക്കെതിരായ കോര്‍പ്പറേറ്റ് ബന്ധങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാനാണ് ആം ആദ്മിയുടെ തീരുമാനം.
 
ഏതായാലും ബേദിയുടെ ചിറകില്‍ കയറി ബിജെപി ആം ആദ്മിക്ക് വോട്ട് ചോര്‍ച്ച ഉണ്ടാക്കുമെന്ന് ഉറപ്പാണ്. കിരണ്‍ ബേദിയായാലും കെജ്രിവാളായാലും ചില കാര്യങ്ങളില്‍ ഇരുവര്‍ക്കും സാമ്യങ്ങളുണ്ട്. രണ്ടുകൂട്ടരും അണ്ണാ ഹസാരെ സമരത്തിന്റെ ചുക്കാന്‍ പിടിച്ചാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. എന്നാല്‍ രാഷ്ട്രീയത്തിലെക്കില്ല എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞ് വാക്ക് മാറ്റിയവരാണ് രണ്ടുപേരും. കൂട്ടത്തില്‍ കെജ്രിവാളാ‍ണ് ആദ്യം വാക്ക് മാറ്റി സ്വയം പാര്‍ട്ടിയുണ്ടാക്കി രംഗത്തെത്തിയത് എന്നതുമാത്രമാണ് വ്യത്യാസം. ഇനിയൊരു പാര്‍ട്ടിയുണ്ടാക്കി ക്ലച്ചു പിടിക്കുന്നതിനേക്കാള്‍ നല്ലത് ക്ലച്ചുപിടിച്ച ബിജെപിയുടെ കൂടെ കൂടുന്നതാണ് നല്ലതെന്ന് ബേദി മനസിലാക്കിയിരിക്കണം.
 
ഡല്‍ഹിയില്‍ ഭരണം പിടിച്ചാല്‍ കെജ്രിവാള്‍ പിന്നെ ശക്തനായ നേതാവായിത്തീരും. ഡല്‍ഹിയില്‍ മാത്രം വേരുകളുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് ഇന്ത്യ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി എന്നതാണ് കെജ്രിവാളിന്റെ കൈമുതല്‍. കൂടാതെ രാഷ്ട്രീയത്തില്‍ രണ്ടുവര്‍ഷത്തെ പരിചയവും മുഖ്യമന്ത്രി സ്ഥനത്ത് 45 ദിവസത്തെ അനുഭവവും കെജ്രിവാ‍ളിനുണ്ട്. എന്നാല്‍ തിഹാര്‍ ജയിലിലെ ഇന്‍സ്‌പെക്ടര്‍ ജനറലായി ജയില്‍ അടക്കിഭരിച്ച ബേദിക്ക് 40 വര്‍ഷത്തോളം ഐപി‌എസ് ഓഫീസര്‍ എന്ന നിലയിലുള്ള ഭരണ പരിചയമുള്ള ബേദിക്ക് ആ പരിചയം തന്നെ മതി ഡല്‍ഹി ഭരിക്കാന്‍. എന്നാല്‍ രാഷ്ട്രീയപരിചയത്തിന്റെ കാര്യത്തില്‍ കെജ്രിവാളിനെക്കാള്‍ രണ്ട് വര്‍ഷത്തെ കുറവ് ബേദിക്ക് തീര്‍ച്ചയായും ഉണ്ട്. ബിജെപിയില്‍ ആയതിനാല്‍ അതൊരു പരിചയക്കുറവായി കാണേണ്ടതുമില്ല.
 
എന്നാല്‍ ഇത്തവണ ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം പിടിക്കാന്‍ കെജ്രിവാളിനും കൂട്ടര്‍ക്കും കഴിഞ്ഞില്ലെങ്കില്‍ ആപ്പിന് പിന്നീട് തിരിച്ചെത്തുക പ്രയാസമായിരിക്കും. അതേസമയം കിരണ്‍ ബേദി പരാജയപ്പെടുകയാണെങ്കില്‍ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും. ഇനി ബിജെപിയെ അധികാം പിടിക്കാന്‍ പ്രാപ്തമായ രീതില്‍ എത്തിക്കുകയാണെങ്കില്‍ രാജ്യത്തിന് ശക്തയായ വനിതാ നേതാവിനെയാണ് ലഭിക്കാന്‍ പോകുന്നത്. കൂടാതെ ഡല്‍ഹിക്ക് നല്ലൊരു ഭരണാധികാരിയേയും. സ്ത്രീ ശാക്തീകരണമാണ് ബേദിയുടെ മുദ്രാവാക്യം. പീഡനങ്ങളുടെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ സ്ത്രീ വോട്ടുകള്‍ ബേദിക്കനുകൂലമായേക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക