പെരുന്നാള്‍ ദിനത്തില്‍ കശ്മീരില്‍ ഇറാഖ് സുന്നി തീവ്രവാദികളായ ഐഎസ്‌ഐഎസിന്റെ പതാകയുമായി യുവാക്കള്‍ പരകടനം നടത്തിയതായി വാര്‍ത്തകള്‍. ഐഎസ്‌ഐഎസിന്റെയും അല്‍ ക്വയ്ദയുടെയും പതാകയേന്തിയാണ് യുവാക്കള്‍ പ്രകടനം നടത്തിയത്.
പെരുന്നാള്‍ നിസ്‌ക്കാരത്തിനുശേഷം ഇസ്രായേല്‍ വിരുദ്ധ പ്രകടനം നടത്തണമെന്ന് വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനി ആഹ്വാനം ചെയ്തിരുന്നു. ഈ പ്രകടനത്തിനിടെയാണ് യുവാക്കള്‍ സുരക്ഷാ ഏജന്‍സികളെ ഞെട്ടിച്ചു കൊണ്ട് ഇത്തരത്തില്‍ പ്രകടനം നടത്തിയത്.
ചിലര്‍ പതാകകള്‍കൊണ്ട് മുഖം മറയ്ക്കുകയും മറ്റ് ചിലര്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രകടനം നടത്തിയത്. ഇസ്രായേലിന്റെ ഗാസ അധിനിവേശത്തിനെതിരെയായിരുന്നു യുവാക്കളുടെ പ്രതിഷേധം. അതേസമയം മുഖം മൂടി ധരിച്ച ചില യുവാക്കള്‍ സൈന്യത്തിനുനേരെ കല്ലെറിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
മാസങ്ങള്‍ക്ക് മുന്‍പ് കശ്മീരില്‍ വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്തുകൊണ്ട് അല്‍ ക്വയ്ദ തലവന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തായിരുന്നു. കശ്മീരില്‍ അല്‍ ക്വയ്ദ, ഐസില്‍ സംഘടനകള്‍ പിടിമുറുക്കുന്നതായാണ് ലഭിക്കുന്ന സൂചനകള്‍. ഇതേതുടര്‍ന്ന് താഴ്വരയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.