കരോലിന മാരിന് സിന്ധുവിനെ തോൽപ്പിക്കാൻ ആകില്ല?

ബുധന്‍, 24 ഓഗസ്റ്റ് 2016 (18:26 IST)
റിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ ലഭിച്ചപ്പോൾ ഇന്ത്യയിലെ 130 കോടി ജനങ്ങളും പി വി സിന്ധുവിനെ ഓർത്ത് അഭിമാനിച്ചു. ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ അവർ ആഘോഷമാക്കി. സിന്ധുവിന്റെ ഓരോ ഷോട്ടും ആവേശത്തോടെയായിരുന്നു കാണികൾ കണ്ടിരുന്നത്. എന്നാൽ സിന്ധുവിനേക്കാൾ ശ്രദ്ധിക്കപ്പെട്ടത് എതിർ കളിക്കാരിയും സ്വർണ മെഡൽ ജേതാവുമായ കരോലിന മാരിൻ ആയിരുന്നു. ഇന്ത്യക്കാരുടെ മനം കവരാനും മാരിന് കഴിഞ്ഞു എന്നുള്ളതായിരുന്നു സത്യം.
 
ഇപ്പോൾ ഈ ഇന്ത്യയിലുമുണ്ട് മാരിന് ആരാധകർ. സിന്ധുവിനെ തോൽപ്പിച്ച് മാരിൻ സ്വർണം സ്വന്തമാക്കിയപ്പോൾ കളിയെ സ്നേഹിക്കുന്നവർ നിരാശപ്പെട്ടിരുന്നില്ല. കാരണം, അത് അർഹിക്കുന്നയാൾക്ക് തന്നെ ലഭിച്ചുവെന്ന് നിരവധി പേർ പറഞ്ഞിരുന്നു. എന്നാൽ, കളിക്കളത്തിൽ മാരിനാണ് മുന്നിലെങ്കിൽ കളത്തിനു പുറമെ സിന്ധുവാണ് ഒന്നാം റാങ്കുകാരി. റിയോയിൽ തന്നെ തോൽപ്പിച്ച മാരിനെ ഇപ്പോൾ സിന്ധു തോൽപ്പിച്ചിരിക്കുകയാണ്. 
 
ഒളിമ്പിക്സിന് ശേഷം, രണ്ട് ലക്ഷം ഫോളോവേഴ്സാണ് സിന്ധുവിന് ട്വിറ്ററിൽ ഉള്ളത്. ഇതിന്റെ പകുതി പോലുമില്ല മാരിന് എന്നതാണ് വാസ്തവം. മാരിന് 1,02,000 ഫോളേവേഴ്സാണുള്ളത്. ഒളിമ്പിക്സ് തുടങ്ങുന്നതിന് മുൻപ് വെറും 36,000 പേർ മാത്രമായിരുന്നു സിന്ധുവിനെ പിന്തുടരാൻ ഉണ്ടായിരുന്നത്. രാജ്യത്തിന്റെ മാനം വെള്ളിയിലൂടെ കാത്ത സിന്ധുവിനോടുള്ള ആരാധനയാണ് ഇതെന്ന് വ്യക്തമാവുകയാണ്. സിന്ധുവും സാക്ഷി മാലികുമാണ് തലയുയര്‍ത്തിപ്പിടിച്ച് റിയോ വിടാന്‍ ഇന്ത്യയെ സഹായിച്ചത്.

വെബ്ദുനിയ വായിക്കുക