കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന പരാമർശം: കങ്കണയ്‌ക്കെതിരെ കേസെടുക്കണമെന്ന് കോടതി നിർദേശം

ശനി, 10 ഒക്‌ടോബര്‍ 2020 (10:39 IST)
കാർഷിക ബില്ലുകൾക്കെതിരെ പ്രതികരിക്കുന്നവർ തീവ്രവാദികളാണെന്ന പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസെടുക്കാൻ കർണാടക ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. അഭിഭാഷകനായ എല്‍. രമേഷ് നായിക് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.
 
പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് കലാപത്തിനിടയാക്കിയവർ തന്നെയാണ് ഇപ്പോൾ കാർഷിക ബില്ലിനെതിരെ വിവരങ്ങൾ പ്രചരിപ്പിച്ച് രാജ്യത്ത് ഭീകരത സൃഷ്‌ടിക്കുന്നതെന്നും അവർ തീവ്രവാദികളെന്നും സെപ്‌റ്റംബർ 21ന് കങ്കണ ട്വീറ്റ് ചെയ്‌തിരുന്നു.
 
സമൂഹത്തിൽ കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് കങ്കണയുടെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് രമേഷ് പരാതി നൽകിയിരുന്നത്.രാജ്യത്തെ കര്‍ഷകരെ തീവ്രവാദികളോട് താരതമ്യം ചെയ്തത് ഏറെ ദുഖകരമാണെന്നും രാജ്യത്ത് കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് ഈ ട്വീറ്റിലൂടെ കങ്കണ നടത്തിയതെന്നും അഭിഭാഷകന്‍ കോടതിയിൽ വാദിച്ചു. വിഷയത്തിൽ പൊലീസോ സര്‍ക്കാരോ കങ്കണക്കെതിരെ നടപടിയെടുത്തില്ല. ഈ വാദം പരിഗണിച്ചാണ് കങ്കണക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍