കനയ്യ കുമാറിനെ ഹൈദരാബാദ് കേന്ദ്ര സർവകലാശാല കാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ

ബുധന്‍, 23 മാര്‍ച്ച് 2016 (11:36 IST)
ജെ എൻ യു വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാറിനെ ഹൈദരാബാദ് കേന്ദ്ര സർവകലാശാലാ കാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് വൈകുന്നേരമാണ് കനയ്യകുമാർ ഹൈദരാബാദ് സന്ദർശിക്കുക. ഹൈദരാബാദ് സന്ദർശിക്കുന്നതിനോടൊപ്പം രോഹിത് വെമൂലയുടെ മാതാവിനേയും കനയ്യ കാണുമെന്നായിരുന്നു അറിയിപ്പ്.
 
കനയ്യ സർവകലാശാല സന്ദർശിക്കുമെന്ന അറിയിപ്പ് ലഭിച്ചതിനെതുടർന്ന് അധികൃതർ കാമ്പസിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. സർവകലാ കാമ്പസിന്റെ പ്രധാന പ്രവേശന കവാടം മാത്രമാണ് തുറന്നിരിക്കുന്നത്. സുരക്ഷയെ അടിസ്ഥാനമാക്കി ബാക്കി എല്ലാ പ്രവേശന മാർഗങ്ങ‌ളും അടച്ചിരിക്കുകയാണ് എന്നും അധികൃതർ അറിയിച്ചു.
 
അവധിയിൽപ്പോയ അപ്പറാവു കാമ്പസിൽ തിരിച്ചെത്തിയപ്പോൾ സംഘർഷമുണ്ടായിരുന്നു. ഗവേഷക വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹത്യയിൽ വി സിക്ക് പങ്കുണ്ടെന്നാരോപിച്ചായിരുന്നു ആക്രമം. സംഭവത്തെതുടർന്ന് 25 വിദ്യാർഥികളെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതുടർന്ന് കാമ്പസിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
 
കനയ്യ രോഹിത് വെമുലയുടെ മാതാവിനേയും സന്ദർശിക്കും. രാഷ്‌ട്രീയ സംഘട്ടനത്തെത്തുടർന്ന് ഹോസ്റ്റലിൽ നിന്നു പുറത്താക്കിയ മനോവിഷമത്തിൽ ജനുവരി 17-നാണ് ഗവേഷക വിദ്യാർഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തത്. ഹൈദരാബാദ് യൂണിവേഴ്സിറ്റി കാമ്പസ് ശക്തമായ പോലീസ് നിരീക്ഷണത്തിലാണ്. നൂറിലധികം തോക്കുധാരികളായ പോലീസുകാരെ കാമ്പസിനുപുറത്ത് വിന്യസിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക