ജൂണ്‍ 1 മുതല്‍ തമിഴ്‌നാട്ടില്‍ പവര്‍ കട്ട് ഉണ്ടാകില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. വൈദ്യുത ഉല്‍പാദനം വര്‍ധിപ്പിച്ചും അധിക വൈദ്യുതി വാങ്ങിയുമാണ് നിലവിലെ വൈദ്യുത പ്രതിസന്ധി പരിഹരിക്കുന്നത്.
സംസ്ഥാനത്തിലെ വൈദ്യുത പ്ലാന്റുകളുടെ ഉല്‍പാദന ശേഷി 2,500 മെഗാവാട്ടായി വര്‍ധിപ്പിച്ചതായും 3,800 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി കരാറില്‍ ഒപ്പുവെച്ചതായും പ്രസ്താവനയിലൂടെ ജയലളിത വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പവര്‍കട്ട് കഴിഞ്ഞ ആറ് വര്‍ഷമായി തമിഴ്‌നാട്ടിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ 16 മണിക്കൂറോളം പവര്‍കട്ട് അനുഭവപ്പെടാറുണ്ട്. ത മിഴ്‌നാടിനെ പവര്‍ക്കട്ട് രഹിതമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രസ്താവനയില്‍ ജയലളിത പറഞ്ഞു.
ജൂണ്‍ മുതല്‍ കാറ്റാടികള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.കൂടംകുളം ആണവ വൈദ്യുത നിലയത്തില്‍ നിന്നും 400 മെഗാവാട്ട് വൈദ്യുതി തമിഴ്‌നാടിന് ലഭിക്കുന്നുണ്ട്.