നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് തനിക്കുറപ്പുണ്ട്. എന്നാല്‍ ജുഡീഷ്യറി അഴിമതിമുക്തമാണെന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ സാമ്പത്തിക– സാമൂഹിക കാര്യങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക മേഖല അതിവേഗം മുന്നേറുന്നു. അതിനാല്‍ തന്നെ അഴിമതിക്കുള്ള സാധ്യതയും കൂടുന്നു. ജഡ്‌ജിമാര്‍ പൊതുജനങ്ങളില്‍നിന്ന് അകന്ന് നില്‍ക്കണം. എപ്പോഴും മുന്‍കരുതലോടെ വേണം ജഡ്‌ജിമാര്‍ പ്രവര്‍ത്തിക്കാനെന്നും ലോധ നിര്‍ദ്ദേശിച്ചു.
ജനാധിപത്യ വ്യവസ്ഥിതിയില്‍ അഴിമതി സര്‍വസാധാരണമാണ്. അതുപോലെ അഴിമതി ജുഡീഷ്യറിയിലും ഉണ്ട്. ജുഡീഷ്യറിയിലും അഴിമതിയുണ്ട്. അത് തുടച്ചു നീക്കാനാണ് ശ്രമിക്കേണ്ടത്. അതിനായി നിയമങ്ങള്‍ ശക്തമാക്കണം. തെറ്റായ രീതിയില്‍ മറ്റുള്ളവര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജനങ്ങളുടെ രക്ഷയ്ക്ക് കോടതി എത്തുമെന്ന വിശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്. അത് കാത്തുസൂക്ഷിക്കാന്‍ കോടതികള്‍ ബാധ്യസ്ഥമാണെന്നും ലോധ ചൂണ്ടിക്കാട്ടി.