ജസ്റ്റിസ് ലോയയുടെ മരണം: പുതിയ വെളിപ്പെടുത്തലില്‍ വിവാദം കത്തുന്നു

തിങ്കള്‍, 2 ഏപ്രില്‍ 2018 (19:49 IST)
ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍. ലോയയുടെ പോസ്റ്റുമോര്‍ട്ടം നടപടികളില്‍ സംശയകരമായ ഇടപെടല്‍ നടന്നതായി ‘ദി കാരവന്‍’ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുഗന്ദിവാറിന്‍റെ അടുത്ത ബന്ധുവായ ഡോ. മകരന്ദ് വ്യവഹാരെ പോസ്റ്റുമോര്‍ട്ടം നടപടികളില്‍ ഇടപെട്ടു എന്നാണ് വെളിപ്പെടുത്തല്‍.
 
ലോയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് ഡോ. എന്‍ കെ തുംറാം ആണ്. എന്നാല്‍ വ്യവഹാരെയുടെ മേല്‍‌നോട്ടത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നതെന്നാണ് പുതിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികളില്‍ പങ്കെടുത്ത ആശുപത്രി ജീവനക്കാരുടെ വെളിപ്പെടുത്തലുകളും കാരവന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെട്ട സൊഹ്‌റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ന്യായാധിപനാണ് ജസ്റ്റിസ് ലോയ. അമിത് ഷായെ പിന്നീട് ഈ കേസില്‍ സി ബി ഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 
 
ജസ്റ്റിസ് ലോയയുടെ മൃതദേഹത്തില്‍ തലയ്ക്ക് പിന്നിലുള്ള മുറിവ് ജൂനിയര്‍ ഡോക്ടര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഡോ.വ്യവഹാരെ അദ്ദേഹത്തോട്‌ കയര്‍ത്തുവെന്നും ആ മുറിവിന്‍റെ കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കേണ്ടെന്ന് നിര്‍ദ്ദേശിച്ചതായും കാരവന്‍ റിപ്പോര്‍ട്ടുചെയ്യുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍