കാമ്പസ് ഇളകി മറിഞ്ഞു; ഇന്ത്യക്കല്ല, ഇവിടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നത്, ജെഎന്‍യുവിനെ തകര്‍ക്കാന്‍ സംഘപരിവാര്‍ ആസൂത്രിത നീക്കം നടത്തുന്നു- കനയ്യ
വെള്ളി, 4 മാര്‍ച്ച് 2016 (02:37 IST)
ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്നല്ല ഇന്ത്യയിൽ ജീവിക്കാൻ സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ജവാഹർലാൽ നെഹ്‌റു സർവകലാശാലാ (ജെഎൻയു) വിദ്യാർഥി യൂണിയൻ നേതാവ് കനയ്യ കുമാർ. ജയിൽ മോചിതനായി കാമ്പസിലെത്തിയ കനയ്യ വിദ്യാർഥികളെ അഭിസംബോധന ചെയ്താണ് ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ആവർത്തിക്കുന്ന അതേ സത്യമേവ ജയതേ തന്നെയാണ് താനും പറയുന്നത്. കേന്ദ്രസർക്കാർ കാണിക്കുന്നത് സർക്കസ് ഭരണമാണ്. പ്രതിപക്ഷമായി കാണുന്നതിനുള്ള യോഗ്യത പോലും എബിവിപിക്കില്ല. പുറത്തുള്ള എബിവിപിക്കാരെ അപേക്ഷിച്ച് കാമ്പസിലെ പ്രവര്‍ത്തകര്‍ അല്‍പംകൂടി യുക്തിയുള്ളവരാണ്. രാജ്യത്തെ നിയമ വ്യവസ്ഥയിലും കോടതിയിലും തനിക്ക് വിശ്വാസമുണ്ടെന്നും കനയ്യ പറഞ്ഞു. മതേതരത്വത്തിനും സമത്വത്തിനും സോഷ്യലിസത്തിനും വേണ്ടിയാണ് ഞങ്ങള്‍ നിലപാട് എടുക്കുത്. അഴിമതിയില്‍ നിന്നുള്ള മോചനമാണ് വേണ്ടത്. ജെഎന്‍യുവിനും രോഹിത് വെമുലയ്ക്കും നീതി കിട്ടാന്‍ വേണ്ടി നിലപാടെടുത്ത എല്ലാവരോടും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഡല്‍ഹി പൊലീസിനോടും നന്ദിയുണ്ടെന്നും കനയ്യ പറഞ്ഞു.
ഇന്ത്യയില്‍നിന്ന് മോചനം വേണമെന്നല്ല തങ്ങള്‍ വാദിക്കുന്നത്, കൊള്ളയടിക്കുന്നവരില്‍നിന്നും ആക്രമണം അഴിച്ചുവിടുന്നവരില്‍നിന്നും ഇന്ത്യക്കു മോചനം വേണമെന്നാണ്. ജെഎന്‍യുവിനെ തകര്‍ക്കാന്‍ സംഘപരിവാര്‍ ആസൂത്രിത നീക്കം നടത്തുകയാണ്. വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തപ്പെട്ട എല്ലാ കേസുകളും സംഘപരിവാര്‍ ഗൂഡാലോചനയാണ്. ജനവിരുദ്ധസര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. അവര്‍ക്കെതിരെ പറഞ്ഞാല്‍ അവര്‍ നിങ്ങള്‍ക്കെതിരെ വ്യാജ വിഡിയോ സൃഷ്ടിക്കും, നിങ്ങളുടെ ഹോസ്റ്റല്‍വളപ്പില്‍ വന്ന് ഉറയെണ്ണുമെന്നും കനയ്യ വ്യക്തമാക്കി.
കനയ്യ കുമാറിന് നൽകിയ സ്വീകരണത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്. 50 മിനുട്ടോളമാണ് കനയ്യ കാമ്പസില്‍ പ്രസംഗിച്ചത്. കനയ്യയുടെ ഓരോ വാക്കുകളെയും നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് വിദ്യാര്‍ഥികളും അധ്യാപകരും സ്വാഗതം ചെയ്തത്. കഴിഞ്ഞദിവസമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത കനയ്യക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആറു മാസത്തെ ജാമ്യത്തിലാണ് തിഹാർ ജയിലിൽ നിന്ന് കനയ്യയെ മോചിപ്പിച്ചത്.