ഹൈദരാബാദ് സർവകലാശാലയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥിനികളെ മാനഭംഗപ്പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി

തിങ്കള്‍, 28 മാര്‍ച്ച് 2016 (18:15 IST)
ഹൈദരാബാദ് സർവകലാശാലയിൽ പ്രക്ഷോഭനത്തിലേർപ്പെട്ട വിദ്യാർഥിനികളെ മാനഭംഗപ്പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വൈസ് ചാൻസ്‌ലർ അപ്പറാവുവിനെ കാമ്പസിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായിട്ടായിരുന്നു പ്രതിഷേധം.
 
രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അവധിയിലായിരുന്ന വി സി കാമ്പസിൽ തിരിച്ചെത്തിയപ്പോഴായിരുന്നു പ്രതിഷേധം ശക്തമായത്. തുടർന്ന് 25 വിദ്യാർഥികളെയും 2 അധ്യാപകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വിദ്യാർഥികൾക്കും അധ്യാപകർക്കും കോടതി ജാമ്യം അനുവദിച്ചു. 
 
മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും അടങ്ങുന്ന സ്വതന്ത്ര സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിലാണ് വിദ്യാർഥിനികളെ പീഡിപ്പിക്കുമെന്ന പൊലീസിന്റെ ഭീഷണി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെത്തുടർന്ന് അന്വേഷണ സംഘം വിദ്യാർഥികളേയും അധ്യാപകരേയും സന്ദർശിച്ചു. വിദ്യാർഥികളെ പൊലീസ് ഭീകരരെന്ന് വിളിച്ചുവെന്നും വിവരം ലഭിച്ചു. അതേസമയം, അന്വേഷണ സംഘത്തെ കാണാനോ സംസാരിക്കാനോ അപ്പറാവുവും കാമ്പസ് അധികൃതരും സമ്മതിച്ചില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക