ആദായനികുതി പരിധി ഉയര്‍ത്തിയേക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി സൂചിപ്പിച്ചു. ശമ്പളക്കാരുടേയും മദ്ധ്യവര്‍ഗത്തില്‍ പെട്ടവരുടേയും മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പകരം നികുതി വെട്ടിപ്പുകാര്‍ക്ക് പിറകെ ആയിരിക്കും സര്‍ക്കാര്‍ പോവുകയെന്നുമാണ് മന്ത്രി പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ പിറ്റിഐക്കു നല്‍കിയ അഭിമുഖത്തിലാണ് ജയ്റ്റ്ലി ഇക്കാര്യം പറഞ്ഞത്.
തന്റെ കീഴുദ്യോഗസ്ഥരെ പോലെ പരോക്ഷമായി നികുതിയിനത്തില്‍ താനും പണം നല്‍കുന്നുണ്ടെന്ന് പറഞ്ഞ ജെയ്റ്റ്‌ലി, എല്ലാവരും പല രീതിയിലായി നികുതി നല്‍കുകയാണെന്നും ചൂണ്ടിക്കാട്ടി. നികുതിയിലെ പകുതി ഭാഗവും പരോക്ഷ നികുതിയാണ്. എക്സൈസ് നികുതി, കസ്റ്റംസ് നികുതി എന്നിവയെല്ലാം താനും നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ നികുതി വെട്ടിക്കുന്നവരെ കണ്ടെത്താനായിരിക്കും ഇനി മുന്‍ഗണന നല്‍കുക- വരുമാനം കൂട്ടുന്നതിനായി നികുതി വര്‍ദ്ധിപ്പിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
നിലവില്‍ രണ്ട് ലക്ഷം രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെ ആദായ നികുതിയില്ല. സര്‍ക്കാരിന് കൂടുതല്‍ പണം ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ നികുതി പരിധി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണ നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ ലഭ്യമാകാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടി വിദേശ രാജ്യങ്ങളുമായുള്ള നികുതി ഉടന്പടികള്‍ പുന:പരിശോധിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.