''ഞങ്ങൾ വന്നത് അമ്മയ്ക്ക് വേണ്ടിയാണ്, അത് ചിന്നമ്മയോട് പ‌റയുക'' - ശശികലയെ വെട്ടിലാക്കി പാർട്ടി പ്രവർത്തകർ

വെള്ളി, 6 ജനുവരി 2017 (10:25 IST)
അമ്മയ്ക്ക് പകരമാകില്ല ചിന്നമ്മയെന്ന ജനങ്ങൾ ആവ‌ർത്തിച്ച് പറയുന്നു. ജയലളിത മത്സരിച്ചിരുന്ന ആർ കെ നഗർ മണ്ഡലത്തിൽ ശശികല മത്സരിക്കേണ്ടെന്ന് പാർട്ടി പ്രവർത്തകർ വ്യക്തമാക്കി. ജയലളിതയുടെ മുപ്പതാം ചരമദിനത്തിൽ അമ്മയ്ക്ക് ആദരമറിയിച്ച് കൊണ്ട് നടന്ന റാലിയിൽ പി വെട്രിവേൽ എം എൽ എ ശശികല മുഖ്യമന്ത്രി ആകണമെന്ന് വ്യക്തമാക്കി നടത്തിയ അഭ്യർത്ഥന വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
 
ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ ആർ കെ നഗറിൽ മത്സരിച്ചാൽ മതിയെന്നും അഭിപ്രായം ഉയർന്നിരുന്നു. വെട്രിവേലിന്റെ അഭിപ്രായത്തെ രൂക്ഷമായ ഭാഷയിലായിരുന്നു ജനങ്ങൾ മറുപടി നൽകിയത്. സ്ത്രീകൾ അടക്കമുള്ളവർ വിഷയത്തോട് പ്രതികരിച്ചിരുന്നു.
 
"ഞങ്ങള്‍ അമ്മയ്ക്ക് വേണ്ടിയാണ് വന്നത്. ചിന്നമ്മയോട് പറയുക ഞങ്ങള്‍ അവര്‍ക്ക് വേണ്ടി വോട്ടു ചെയ്യാനല്ല വന്നത്." ഒരാള്‍ പറഞ്ഞു. "അമ്മ 77 ദിവസം ആശുപത്രിയിലായിരുന്നു. അവര്‍ ഞങ്ങളെ കാണാന്‍ അനുവദിച്ചോ?" മറ്റൊരാള്‍ ചോദിച്ചു. വെട്രിവേലിന്റെ അഭിപ്രായം മുൻകൂർ പ്ലാൻ ചെയ്ത് നടത്തിയതാണെന്നും ആരോപണങ്ങൾ ഉയർന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ അസംതൃപ്തി ഉയര്‍ന്ന സാഹചര്യത്തില്‍ ശശികല മധുരയില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന.
 

വെബ്ദുനിയ വായിക്കുക