ഓഫീസുകളടച്ചു, ബസുകള്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നു, കടകള്‍ അടച്ചു; ചെന്നൈ സ്‌തംഭിക്കുന്നു - നഗരം കൈയടക്കി പൊലീസ്

തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (16:18 IST)
ഹൃദയാഘാതത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന തമിഴ്‌നാട്  മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധൻ ഡോ റിച്ചാർഡ് ബെയ്‍ലി വ്യക്തമാക്കിയതോടെ ചെന്നൈ നഗരം പൊലീസ് വലയത്തില്‍.

ഞായറാഴ്‌ച വൈകിട്ടോടെ ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായതിന് പിന്നാലെ ചെന്നൈയിലെ റോഡുകളിലെങ്ങും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. തിങ്കളാഴ്‌ച രാവിലെ തന്നെ ചെന്നൈ നഗരത്തിലും മറ്റ് സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.

അമ്മയുടെ നില അതീവ ഗുരുതരമെന്ന് ഉച്ചയ്‌ക്ക് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ സുരക്ഷ കൂടുതല്‍ ശക്തമാക്കുകയായിരുന്നു. അടിയന്തിര സാഹചര്യം ഉണ്ടായാല്‍ 144 പ്രഖ്യാപിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സായുധരായ 17 ബറ്റാലിയന്‍ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ഏഴുമണിക്കുതന്നെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് ഹാജരായി. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയും ആശുപത്രി പ്രവര്‍ത്തിക്കുന്ന ഗ്രീംസ് റോഡും സുരക്ഷാവലയത്തിലാണ്. സംസ്ഥാനത്തെ എല്ലാ എസ്‌പിമാര്‍ക്കും ഡിജിപി പ്രത്യേക നിര്‍ദേശം നല്‍കി കഴിഞ്ഞു. പൊലീസ് സ്‌റ്റേഷനുകളിലേക്ക് ഫാക്‍സും അയച്ചിട്ടുണ്ട്.  

രാത്രിയോടെ ജയലളിതയെ സംബന്ധിച്ച ഗുരുതരമായ വാര്‍ത്ത പുറത്തുവരാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് സുരക്ഷ ശക്തമാക്കി. അപ്പോളോ ആശുപത്രിയിലേക്ക് പ്രവര്‍ത്തകരെ ഇപ്പോള്‍ കടത്തിവിടുന്നില്ല. ആംബുലന്‍‌സുകളും അനുബന്ധ സൌകര്യങ്ങളും ഒരുക്കി കഴിഞ്ഞു.

നഗരത്തിലെ ബസ് സര്‍വീസുകള്‍ നിര്‍ത്തി കൊണ്ടിരിക്കുകയാണ്. മിക്ക ഓഫീസുകളും നാലുമണിയോടെ അടച്ചു കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക