തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനായി ജനങ്ങൾ നേർച്ചകളും പൂജകളും ചെയ്യുന്നത് ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിരുവണ്ണാമലയിലെ ക്ഷേത്രത്തിൽ പാൽക്കുട ഘോഷയാത്ര നടത്തി. എന്നാൽ, തിക്കിലും തിരക്കിലും പെട്ട് സ്ത്രീയുടെ മരണത്തിനും ഇതുകാരണമായത്.15 പേർക്കു പരുക്കേറ്റു. കമല സമ്മന്തം (67) എന്ന സ്ത്രീയാണ് മരിച്ചത്.
അരുൾമിഗു പച്ചയമ്മൻ ക്ഷേത്രത്തിൽ നിന്നു ശ്രീ അരുണാചലേശ്വർ ക്ഷേത്രത്തിലേക്കു മന്ത്രി അഗ്രി കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലാണു ഘോഷയാത്ര നടന്നത്. പതിനായിരത്തോളം പേർ പങ്കെടുത്തു. വൈകിട്ട് 3.30നു പച്ചയമ്മൻ ക്ഷേത്രത്തിൽ നിന്നു പാൽക്കുടമെടുക്കാൻ ഒട്ടേറെ സ്ത്രീകൾ ഒരുമിച്ചെത്തിയതോടെയാണു തിരക്കുണ്ടായത്. വൻ ജനാവലിയായിരുന്നു ഉണ്ടായിരുന്നത്.
പരുക്കേറ്റവരെ തിരുവണ്ണാമലൈ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെ രോഗമുക്തിക്ക് സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെല്ലാം വലിയ വഴിപാടുകളാണ് അണ്ണാ ഡിഎംകെ പ്രവർത്തകർ നടത്തുന്നത്. അപ്പോളോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ജയലളിതയെ ലണ്ടനിൽ നിന്നുള്ള വിദഗ്ധൻ ഡോ റിച്ചാർഡ് ബീൽ ഇന്നലെയും പരിശോധിച്ചു. ചികിൽസയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.