അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഉച്ചയോടെ പരിഗണിക്കും. അപേക്ഷ നേരത്തെ പരിഗണിക്കണമെന്ന ഹര്‍ജി കോടതി തള്ളി. രാവിലെ 10.30 ഓടെ ജഡ്ജി കോടതിയില്‍ എത്തിയയുടന്‍ ജയലളിതയുടെ അഭിഭാഷകന്‍ രാം ജത്മലാനി ജയലളിതയുടെ ഹര്‍ജി ആദ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ക്രമം അനുസരിച്ച് മാത്രമേ ഹര്‍ജി പരിഗണിക്കാന്‍ കഴിയൂവെന്നും മറ്റ് അഭിഭാഷകരും തങ്ങളുടെ ഹര്‍ജികള്‍ക്കായി കാത്തിരിക്കുകയാണെന്നും ജഡ്ജി അറിയിക്കുകയായിരുന്നു.
അതേസമയം ജയലളിതയെ മോചിപ്പിച്ചില്ലെങ്കില്‍ തമിഴ്‌നാട്ടിലുള്ള കര്‍ണാടക സ്വദേശികളെ ബന്ദിയാക്കുമെന്ന ഭീഷണിയുമായി എഐഎഡിഎംകെയുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. നിരവധി എഐഎഡിഎംകെ എംഎല്‍എമാര്‍ സെപ്തംബര്‍ 27 മുതല്‍ ഇവിടെ അനിശ്ചിതകാല ഉപവാസത്തിലാണ്. തമിഴ്നാട്ടില്‍ തന്നെ പ്രതിഷേധം ശക്തമാകുകയാണ്. മിക്കയിടങ്ങളിലും ജയലളിതയെ ദൈവമായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ വ്യാപകമാണ്. ദൈവത്തെ ശിക്ഷിക്കാന്‍ നിയമത്തിന് കഴിയില്ലെന്നാണ് പോസ്റ്ററുകളിലെ വാചകം.