ജയലളിതയുടെ അവസാന ആഗ്രഹം അതായിരുന്നു, മരണശേഷമെങ്കിലും ആ ആഗ്രഹം നടത്തിക്കൊടുക്കാൻ വിജയയ്ക്ക് കഴിയുമോ?

Webdunia
ബുധന്‍, 7 ഡിസം‌ബര്‍ 2016 (10:34 IST)
മറീന ബീച്ചിലെ തിരക്കുകൾ ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതെ വന്നവർ ഇപ്പോഴും 'അമ്മ'യുടെ മൃതദേഹം സംസ്കരിച്ച സ്ഥലത്തെത്തിയിരിക്കുകയാണ്. രണ്ട് മാസങ്ങൾക്ക് മുമ്പ് അതീവ ഗുരുതരാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ മുതൽ ജനങ്ങൾ പ്രാർത്ഥനയിലായിരുന്നു. 'അമ്മയ്ക്ക്' ഒന്നും സംഭവിക്കരുതേ എന്നായിരുന്നു അവരുടെ പ്രാർത്ഥന.
 
ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ജയലളിത അവസാനമായി ആവശ്യപ്പെട്ടത് നടൻ വിജയ്‌യിയെ പാർട്ടിയിൽ എത്തിക്കണമെന്നായിരുന്നു. പിന്‍ഗാമി ഒ പനീര്‍ശെല്‍വത്തോട് ജയലളിത ഇക്കാര്യം അറിയിച്ചിരിന്നുവെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാര്‍ട്ടിയെ കരുത്തോടെ മുന്നോട്ടു നയിക്കണമെന്നും ഇതിനു ഇളയദളപതിയും ഒപ്പം നിൽക്കണമെന്നും അമ്മ ആഗ്രഹിച്ചിരുന്നു. എ ഐ എ ഡി എം കെയുടെ നേതൃനിരയിലേയ്ക്കു വിജയിയെ എത്തിക്കണമെന്നതായിരുന്നു അമ്മയുടെ പ്രധാന ആവശ്യവും.
 
തമിഴ്നാട് മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴും പലതവണ വിജയിയെ തന്റെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ജയലളിത ശ്രമം നടത്തിയിരുന്നു എന്നത് പല തവണ വാർത്തയായിരുന്നു. എന്നാല്‍, രാഷ്ട്രീയ പ്രവേശത്തിനു സമയമായില്ലെന്നു ചൂണ്ടിക്കാട്ടി വിജയിയുടെ അച്ഛന്‍ ശേഖരന്‍ ഇത് തടയുകയായിരുന്നു. രോഗബാധിതയായി അമ്മ ചികിത്സയിൽ കഴിയവേ വിജയ്‌യിയും അച്ഛനും കാണാൻ എത്തിയതോടെ ആവശ്യം പരിഗണിക്കാം, ആദ്യം അമ്മ ആരോഗ്യത്തോടെ തിരികെ വരൂ എന്നായിരുന്നു വിജയിയുടെ പിതാവ് അന്ന് മുന്നോട്ടു വച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
നേരത്തെ സിനിമാ റിലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട് വിജയിയും പിതാവും ജയലളിതയും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളുണ്ടായിരുന്നു. സണ്‍ നെറ്റ് വര്‍ക്കിന്റെ സിനിമകളെച്ചൊല്ലിയാണ് അന്ന് തര്‍ക്കമുണ്ടായത്. ഇത് പിന്നീട് ജയലളിത തന്നെ ഇടപെട്ട് രമ്യമായി പരിഹരിക്കുകയായിരുന്നു. തന്റെ മരണത്തോടെ അനാഥമാകുന്ന എ ഐ എ ഡി എം കെയെ നയിക്കുന്നതിനു തമിഴ്നാട്ടിലെ കരുത്തനായ ഒരു നേതാവിനെ തന്നെ ആവശ്യമുണ്ടെന്നായിരുന്നു ജയലളിത കരുതിയിരുന്നത്. വിജയ് അല്ലെങ്കിൽ അജിത്- ഇവരിൽ ആരെങ്കിലും ആയിരിക്കും ജയലളിതയുടെ പിൻഗാമിയെന്നാണ് തമിഴ് മക്കളിൽ നിന്നും ഉയർന്ന് കേൾക്കുന്നത്.
Next Article