സുരക്ഷാ ഉദ്യോഗസ്ഥന്റെ പുറത്തേറി അരുവി കടന്നു; ബിജെപി എംഎല്‍എയുടെ നടപടി വിവാദത്തില്‍

വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (14:41 IST)
ജമ്മു കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ പുറത്തേറി അരുവി കടന്ന ബിജെപി എംഎല്‍ എയുടെ നടപടി വിവാദമായി. ജമ്മു കശ്മീരിലെ ഛബ് നിയമസഭാ മണ്ഡലത്തിലെ കൃഷന്‍ ലാലാണ് പേഴ്‌സണല്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ പുറത്തു കയറി അരുവി കടന്നത്. സംഭവത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

എന്നാല്‍ തന്റെ നടപടി ന്യായീകരിച്ച് എംഎല്‍ എ രംഗത്തെത്തി. തന്നെ സഹായിക്കാനാണ് സര്‍ക്കാര്‍ പേഴ്‌സണല്‍ സുരക്ഷാ ഉദ്യോഗസ്ഥനെ നിയിമിച്ചതെന്നും ഇതില്‍ ചട്ട വിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പണ്ട് കുറെ കാലം ഞാന്‍ ഇവിടെ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്ന് ഒറ്റക്കായിരുന്നു അരുവി മുറിച്ചു കടന്നിരുന്നത്. ഇന്ന് ഞാന്‍ ഒരു ജനപ്രതിനിധിയാണ്. സര്‍ക്കാര്‍ പേഴ്‌സണല്‍ സുരക്ഷാ ഉദ്യോഗസ്ഥനെ അനുവദിച്ചിട്ടുമുണ്ട്. അദ്ദേഹം എന്നെ സഹായിച്ചതില്‍ എന്താണ് തെറ്റെന്നും എംഎല്‍ എ ചോദിച്ചു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്

വെബ്ദുനിയ വായിക്കുക