കുറച്ച് സമയങ്ങള്‍ കൂടി നകിയാല്‍ കശ്മീരിലെ ജനങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ തരാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാശ്മീരിന്റെ വികസനത്തിനായി തീവ്രമായി പ്രവർത്തിക്കുമെന്നും. ജനങ്ങളുടെ വേദന പങ്കിടാനാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും. കാശ്മീരില്‍ ബിജെപി സര്‍ക്കാരിനെ അധികാരത്തിലേറ്റാനും ആഹ്വാനം ചെയ്തു.
'' നിങ്ങളുടെ സ്വപ്നങ്ങള്‍ എന്റേതു കൂടിയാണ്. ഈ സ്വപ്നങ്ങള്‍ നിറവേറ്റിത്തരാമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. കാശ്മീര്‍ ജനത തനിക്ക് നല്‍കുന്ന വിശ്വാസവും സ്നേഹവും, അതിന്റെ ഇരട്ടിയായി തിരികെ നല്‍കും. ജനങ്ങൾ എന്നിൽ അർപ്പിക്കുന്ന സ്നേഹത്തിനും വിശ്വാസത്തിനും വേണ്ടി ജീവൻ നൽകാൻ വരെ തയ്യാറാണ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി തുടങ്ങിവെച്ച നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും '' നരേന്ദ്ര മോഡി കാശ്മീര്‍ ജനതയ്ക്ക് ഉറപ്പ് നല്‍കി.
മുപ്പത് മിനിറ്റ് ദൈർഖ്യമുള്ള തന്റെ പ്രസംഗത്തിനിടെ കഴിഞ്ഞ മുപ്പത് വർഷമായി അഴിമതി നടത്തി വന്ന കോൺഗ്രസിനെ അദ്ദേഹം കുറ്റപ്പെടുത്തി. നാഷണല്‍ കോണ്‍ഫറന്‍സിനെയും പിഡിപിയെയും രൂക്ഷമായ ഭാഷയില്‍ ആക്രമിച്ച മോഡി, അപ്പന്‍-മകന്‍ ഭരണവും അപ്പന്‍-മകള്‍ ഭരണവും അവസാനിപ്പിക്കാന്‍ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം നല്‍കാനും വോട്ടര്‍മാരോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം കാശ്മീരില്‍ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ജവാന്മാരെ സ്മരിക്കുന്നതായും മോഡി പറഞ്ഞു. എന്നാൽ ആർട്ടിക്കിൾ 370 പോലെയുള്ള വിവാദ വിഷയങ്ങളെപ്പറ്റി അദ്ദേഹം സംസാരിച്ചില്ല.