ആവശ്യമുളളതിന്റെ പകുതി ഉദ്യോഗസ്ഥരാണ് വിജിലന്‍സിലുളളത്, പിന്നെ എങ്ങനെയാണ് കേസന്വേഷണം വേഗത്തിലാക്കുക; കാനത്തിന് മറുപടിയുമായി ജേക്കബ് തോമസ്

ബുധന്‍, 18 ജനുവരി 2017 (09:45 IST)
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആവശ്യമുളളതിന്റെ പകുതി ഉദ്യോഗസ്ഥര്‍ മാത്രമാണ് നിലവില്‍ വിജിലന്‍സ് ഡിപാര്‍ട്ട്മെന്റിലുള്ളത്. പിന്നെ എങ്ങനെയാണ് വേഗതയില്‍ കേസ് അന്വേഷിക്കാന്‍ കഴിയുകയെന്ന് ജേക്കബ് തോമസ് ചോദിച്ചു.  
 
നിലവില്‍ 34 ഡിവൈഎസ്പിമാരും 90 സിഐമാരുമാണ് വിജിലന്‍സിലുളളത്. 68 ഡിവൈഎസ്പിമാരെയും 196 സിഐമാരെയും ആവശ്യപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞു. കൂടുതല്‍ ഉദ്യോഗസ്ഥരെ അനുവദിക്കുകയാണെങ്കില്‍ എല്ലാ കേസുകളും നിശ്ചിത സമയത്തിനകം തന്നെ അന്വേഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
 
നിലവില്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വരെ വിജിലന്‍സ് ഇടപെടുന്ന സാഹചര്യമാണുള്ളത്. അതും കേസന്വേഷണം വേഗത്തിലാക്കുന്നതിന് തടസമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഉദ്യോഗസ്ഥരെ വൈകാതെ കിട്ടുമെന്നാണ് പ്രതീക്ഷ. ഒരുകേസുപോലും അന്വേഷിക്കാതെ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക