കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഐക്യരാഷ്ട്രസഭ പൊതു സമ്മേളനത്തിനെത്തിയ പാകിസ്ഥാന് തിരിച്ചടി. പാകിസ്ഥാന്റെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ അവഗണിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിലെ തന്റെ ആമുഖ പ്രസംഗത്തില്‍ സിറിയ, ഇറാഖ് വിഷയങ്ങള്‍ പരാമര്‍ശിച്ചെങ്കിലും ഇന്ത്യാ-പാക് സംഘര്‍ഷം പരാമര്‍ശിക്കാന്‍ തയ്യാറായില്ല.
അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് ഇത് ശക്തി പകരുമെന്നാണ് കരുതപ്പെടുന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഉറിയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്റേയും പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടേയും പേരെടുത്ത് പറഞ്ഞ് റഷ്യയും ഫ്രാന്‍സും രംഗത്തെത്തുകയും ചെയ്തു.