ജയലളിതയ്‌ക്ക് എന്തു സംഭവിച്ചു, അമ്മയുടെ രോഗമെന്തെന്ന് അറിയാമോ ?

ബുധന്‍, 5 ഒക്‌ടോബര്‍ 2016 (13:49 IST)
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിച്ചുവരുന്നു വരുന്നുവെന്ന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ വ്യക്തമാക്കുമ്പോഴും വിഷയത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. ജയലളിതയുടെ ആരോഗ്യവിവരം സംസ്ഥാനസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്‌ച നിര്‍ദേശിച്ചിരുന്നു.

പനി, നിർജലീകരണം എന്നിവയെത്തുടർന്നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലണ്ടനില്‍ നിന്ന് എത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെലെയുടെ മേല്‍‌നോട്ടത്തിലാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്. ഇതോടെ ജയലളിത ആശുപത്രിയിലായ നാളുകൾ തൊട്ടുതന്നെ സമൂഹമാധ്യമത്തിൽ ഇതുസംബന്ധിച്ച ഊഹാപോഹങ്ങൾ പെരുകുകയും ചെയ്‌തു.

ഇതിനിടെയാണ് ജയലളിതയുടേതെന്ന രീതിയിൽ ഒരു ഫോട്ടോയും സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. കൂടാതെ ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു. പുറത്തുവന്ന ചിത്രം വ്യാജമാണെന്ന് അറിയാതെ പലരും പ്രചരിപ്പിക്കുകയും അവരുടെ നില അതീവഗുരുതരമാണെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തു.

നിരവധി മെഡിക്കൽ ഉപകരണങ്ങളുടെ നടുവിൽ ഓക്സിജൻ മാസ്ക് ധരിച്ച് ഒരു സ്ത്രീ കിടക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. എന്നാൽ പെറുവിലെ ലിമയിലുള്ള എസാലുഡ് ആശുപത്രിയിൽ നിന്നുള്ള ദൃശ്യമായിരുന്നു അത്. എസാലുഡ് ആശുപത്രിയിലെ ഇന്റന്സീവ് കെയർ യൂണിറ്റ് എന്ന ക്യാപ്ഷന്‍ സഹിതം അവരുടെ വെബ്സൈറ്റിൽ ഈ ചിത്രമുണ്ട്.

ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വാര്‍ത്താക്കുറിപ്പില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുമ്പോഴും വിവിധ അവയവങ്ങൾക്ക് ഒരേ പോലെ അണുബാധയുണ്ടാക്കുന്ന സെപ്സിസ് എന്ന അസുഖമാണ് മുഖ്യമന്ത്രിക്കെന്നാണ് സൂചന.

ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനൊപ്പം കടുത്ത പനിയുമാണ് സെപ്‌സിസ് എന്ന രോഗത്തിന്റെ ലക്ഷണം.  പ്രമേഹവും രക്തസമ്മർദ്ദവും ബാധിച്ചതിന് പിന്നാലെയാണ് ആന്തരികാവയവങ്ങൾക്ക് അണുബാധ കണ്ടെത്തിയത്. പ്രമേഹവും രക്ത സമ്മർദവും സാധാരണ നിലയിൽ എത്തിയാലേ അണുബാധയ്ക്കുള്ള വിദഗ്ദ്ധ ചികിൽസ സാധ്യമാകൂ എന്നായിരുന്നു വിലയിരുത്തൽ. ഇതിനേത്തുടര്‍ന്നാണ് ഡോ. റിച്ചാർഡ് ബെയ്ലിയെ ലണ്ടനിൽ നിന്ന് വരുത്തിയത്.

വെബ്ദുനിയ വായിക്കുക