അഗ്നിച്ചിറകുകളിലേറി ആകാശം കടക്കാന്‍ ഇന്ത്യ

ബുധന്‍, 17 ഡിസം‌ബര്‍ 2014 (15:02 IST)
ചെലവുകുറഞ്ഞ രീതിയില്‍ ചൊവ്വാ പര്യവേഷണ വാഹനത്തെ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയിലെത്തിച്ച ഇന്ത്യയുടെ അഭിമാ‍നമായ ബഹിരാകാശ സംഘടന ഐ‌എസ്‌ആര്‍‌ഒ മനുഷ്യനെ ബഹിരാ‍കാശത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആദ്യ ചുവട് വയ്ക്കുന്നു. പത്തുവര്‍ഷമായി തുടരുന്ന കഠിനാധ്വാനത്തിലൂടെ നിര്‍മ്മിച്ച ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് നാളെ ആകാശത്തിന്റെ അനന്ത വിഹായസുകളെ ഭേദിച്ച് മുന്നേറുമ്പോള്‍ ചരിത്രത്തില്‍ മറ്റൊരു നാഴികകല്ലുകൂടിയാണ് ഇന്ത്യ മറികടക്കുന്നത്.

ലോകത്തിലേറ്റവും കരുത്തേറിയ റോക്കറ്റുകളുള്ള രാജ്യങ്ങളുടെ കൂടെ ഇന്ത്യയും എത്തും. കൂടാതെ ക്രയോജനിക് സാങ്കേതിക വിദ്യയില്‍ സ്വയം പര്യാപ്തത നേടി എന്ന് ലോകത്തോട് ഉറക്കെ വിളിച്ചുപറയാനും ഇതിലൂടെ ഇന്ത്യയ്ക്ക് സാധിക്കും. പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ചതാണ് റോക്കറ്റ്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണവിക്ഷേപണം കൂടിയാകും ഇത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് റോക്കറ്റ് കുതിക്കുക. ഇതിനായുള്ള കൗണ്ട്ഡൗണ്‍ ബുധനാഴ്ച രാവിലെ 9.30ന് തുടങ്ങും. പത്തിന് ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ തുടങ്ങും. വൈകിട്ട് ആറോടെ പൂര്‍ത്തിയാക്കും.

കൂടാതെ റോക്കറ്റില്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള പരീക്ഷണ പേടകവുമുണ്ടാകും. രണ്ടുപേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന പേടകമാണ് ഇത്. പേടകത്തിന്റെ ക്ഷമത പരിശോധിക്കുക എന്നതും പരീക്ഷണ വിക്ഷേപണത്തിന്റെ ലക്ഷ്യമാണ്. 3775 കിലോയുള്ള പേടകം 126 കിലോമീറ്റര്‍ അപ്പുറത്തുവച്ചാണ് വിക്ഷേപണവാഹനത്തില്‍നിന്ന് വേര്‍പെടുക. തുടര്‍ന്ന് ബഹിരാകാശത്തുനിന്ന് അന്തരീക്ഷത്തിലേക്ക് തിരിച്ചുകടക്കുന്ന പേടകം ആന്തമാന്‍ നിക്കോബര്‍ ദ്വീപിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കും.

ഈ സമയത്ത് പേടകത്തിന് അന്തരീക്ഷവുമായുള്ള ഘര്‍ഷണത്തിന്റെ ഭലമായുണ്ടാകുന്ന അതിഭീമമായ താപം അതിജീവിക്കാന്‍ സാധിക്കുമോ എന്നാണ് ഐ‌എസ്‌ആര്‍‌ഒ പരീക്ഷിക്കുന്നത്. നാല് ടണ്ണിലേറെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള വിക്ഷേപണവാഹനമായാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 വികസിപ്പിച്ചത്. ഇത് വിജയമായാല്‍ ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ നിര്‍ണ്ണായകമായ ചുവട് വയ്ക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക