ഐഎസ് ബന്ധം; കേരളത്തിലെ സംഭവങ്ങള്‍ ഗൗരവമുള്ളത്: കിരണ്‍ റിജ്ജു

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (10:17 IST)
ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധപ്പെട്ട കേരളത്തിലെ സംഭവങ്ങള്‍ ഏറെ ഗൗരവത്തോടെയാണു കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. ഐഎസ് റിക്രൂട്ട്മെന്‍റ് കേന്ദ്രമാകാന്‍ ഒരു സംസ്ഥാനത്തേയും അനുവദിക്കില്ല. സോഷ്യല്‍ മീഡിയവഴി ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ തടയും. ഇവയ്‌ക്കെതിരെ കര്‍ശന
നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സ്ഥിതിഗതികള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുകയാണ്. ഐഎസിൽ ചേരാനൊരുങ്ങിയ ഡല്‍ഹി പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയാണ്. ഐഎസ് പ്രചാരണം തടയാന്‍ ആവശ്യമായ സമയത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കിരൺ റിജ്ജു അറിയിച്ചു.

ഐഎസ്‌ ഭീകര സംഘടനയില്‍ ചേരാനായി ഡല്‍ഹിയിലെ ഹിന്ദു പെണ്‍കുട്ടി സിറിയയിലേക്ക്‌ പോകാനായി പദ്ധതിയിട്ടതായിരുന്നതായാണ് സൂചന. ബിരുദധാരിയായ മകള്‍ ഐ.എസില്‍ ചേരാന്‍ പോകുന്നതറിഞ്ഞ്‌ പിതാവ്‌ ദേശീയ അന്വേഷണ എജന്‍സിയോട്‌ സഹായമഭ്യര്‍ഥിച്ചതായി ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

ഇന്ത്യൻ സേനയിൽ നിന്നും വിരമിച്ച ലഫ്റ്റനന്റ് കേണലിന്റെ മകളാണു പെൺകുട്ടി. ഡൽഹി സർവകലാശാലയിൽ നിന്നും ബിരുദമെടുത്ത പെൺകുട്ടി ബിരുദാന്തര ബിരുദം നേടാനായി ഓസ്ട്രേലിയയ്ക്കു പോയി. എന്നാല്‍ കോഴ്സ് പൂര്‍ത്തിയാക്കി തിരികെ വന്ന പെണ്‍കുട്ടിയുടെ പ്രവൃത്തികളിൽ സംശയം തോന്നിയ പിതാവ് കുട്ടിയുട്റ്റെ ലാപ്‌ടോപ് രഹസ്യമായി പരിശോധിച്ചതില്‍ നിന്നാണ് ഐ‌എസ് ബന്ധം മനസിലായത്. ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നവരുമായി മകൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും സിറിയയിലേക്കു പോകാൻ തീരുമാനിച്ചതായും പിതാവ് മനസ്സിലാക്കി.

ഐ എസ് റിക്രൂട്ട്മെന്റില്‍ കേരളത്തിലെ ആദ്യ എഫ് ഐ ആര്‍ രജിസ്റ്റര്‍ കഴിഞ്ഞ ആഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കോഴിക്കോട് സ്വദേശി റിയാബിനെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ഇപ്പോള്‍ സിറിയയിലാണെന്നാണ് സൂചന. സോഷ്യല്‍ മീഡിയ വഴി ആളുകളെ ഐ എസിലെക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതിനാണ് എഫ് ഐ ആര്‍. ഐഎസ് ആശയങ്ങള്‍ യുവാക്കളിലേക്ക് പകരുന്നതിനും, ഐഎസുമായി ആഭിമുഖ്യം പുലർത്താൻ താൽപര്യമുള്ള യുവാക്കളെ അതിലേക്ക് ചേർക്കാനായി ഗൾഫ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ശൃംഖല തന്നെ ഇയാൾക്കുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക